അഭിറാം മനോഹർ|
Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (12:31 IST)
കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ
മോൻസൺ മാവുങ്കൽ തട്ടിപ്പിനായി എച്ച്എസ്‌ബിസി ബാങ്കിന്റെ പേരിൽ തയ്യാറാക്കിയ
വ്യാജരേഖകൾ പുറത്ത്. 2.62 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ പൗണ്ട് അക്കൗണ്ടില്‍ എത്തിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ആയിരുന്നു ഇത്. ലണ്ടനിൽ നിന്ന് കലിംഗ കല്യാൺ ഫൗണ്ടേഷനിന്റെ അക്കൗണ്ടിൽ നിന്നും പണം വന്നുവെന്നായിരുന്നു വ്യാജരേഖ.
ഈ രേഖ കാണിച്ചാണ് മോൻസൺ 10 കോടിയോളം രൂപ പരാതിക്കാരില്‍ നിന്ന് വാങ്ങിയത്. ഇതിന് പുറമെ 40 കോടിയോളം വരുന്ന തട്ടിപ്പും മോൺസൺ നടത്തിയതായാണ് വിവരം. തട്ടിപ്പിനിരയായ പലരും പരാതി നൽകാൻ തയ്യാറായിട്ടില്ല. അതേസമയം മോൻസണിന്റെ വീട് പരിശോധിച്ചതിൽ സുപ്രീം കോടതി ഉത്തരവടക്കം വ്യാജമായി നിർമിച്ചത് കണ്ടെത്തി. ഇത് കൂടാതെ നിരവധി വ്യാജരേഖകളും വീട്ടിൽ നിന്നും കണ്ടെത്തി.
വയനാട്ടില്‍ കാപ്പിത്തോട്ടം പാട്ടത്തിനെടുത്ത് നല്‍കാമെന്ന പേരില്‍ 1.62 കോടി തട്ടിയ കേസിലും ക്രൈംബ്രാഞ്ച് മോന്‍സണിന്റെ അറസ്റ്റ് രേഖപ്പടുത്തി.ഇതിനിടെ മോന്‍സണിന്റെ കലൂരിലേയും ചേര്‍ത്തലയിലേയും വീട്ടില്‍ പോലീസിന്റെ ബീറ്റ് ബോക്‌സ് സ്ഥാപിച്ചത് സംസ്ഥാന പോലീസിലെ ഉന്നതര്‍ ഇടപെട്ടാണെന്ന നിര്‍ണായക വിവരവും പുറത്തുവന്നു. 2019 ജൂണിൽ സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സണിന്റെ രണ്ട് വീടുകളിലും ബീറ്റ് ബോക്‌സ് സ്ഥാപിച്ചതെന്നാണ് വിവരം.