സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കിയാല്‍ തന്നെയും ഒഴിവാക്കണമെന്ന് ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; സുധീരനെതിരെ എ ഗ്രൂപ്പ്

സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കിയാല്‍ തന്നെയും ഒഴിവാക്കണമെന്ന് ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; സുധീരനെതിരെ എ ഗ്രൂപ്പ്

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (10:59 IST)
സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ മുറുകുന്തോറും കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോരും മുറുകുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതേസമയം, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനെതിരെ എ ഗ്രൂപ്പ് ശക്തമായി രംഗത്തെത്തി.

ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാന്‍ അനുവദിക്കില്ലെന്നും ഈ നീക്കം പ്രതിരോധിക്കുമെന്നും എ ഗ്രൂപ്പ് വ്യക്തമാക്കി. എന്നാല്‍, വിട്ടു വീഴ്ചയില്ലാത്ത നിലപാടുമായി വി എം സുധീരനും മുന്നോട്ടു പോകുകയാണ്. അതേസമയം, സിറ്റിംഗ് എം എല്‍ എമാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയാല്‍ തന്നെയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ രോഷാകുലനായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്നിക്കുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തുകയും ഗുലാം നബി ആസാദുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. അതേസമയം, തര്‍ക്കം പരിഹരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടേക്കും. ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തുന്ന രമേശ് ചെന്നിത്തല മന്ത്രിമാരെ മാറ്റി നിര്‍ത്തരുതെന്ന് ആവശ്യപ്പെടും. ഇതിനിടെ, എ കെ ആന്റണിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :