ജിയാന്‍ ഗോണ്‍സാലോസ്|
Last Updated:
ചൊവ്വ, 19 ജൂലൈ 2016 (20:12 IST)
തണുത്തുറഞ്ഞ പ്രതിപക്ഷത്തെ ഭയാക്കാതെ മുന്നോട്ടു പോയ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നെറുകയില്‍ ആദ്യ അടി ലഭിച്ചത് അധികാരമേറ്റതിന്റെ അമ്പത്തിയാറാം നാള്‍. എല്ലാം ശരിയാകുമെന്ന ആപ്‌ത വാക്യം ജനങ്ങളിലേക്ക് എത്തിച്ച സര്‍ക്കാര്‍ നാണക്കേടിന്റെ കിരീടം ചൂടിയത് എന്നും ഇടതിനൊപ്പം ചേര്‍ന്നു നിന്ന നിയമോപദേഷ്ടാവ് അഡ്വ എംകെ ദാമോദരനിലൂടെ.
എംകെ ദാമോദരന് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്ക് നല്‍കി നിയമിച്ച തീരുമാനത്തോട് ഉയര്‍ന്ന വിമര്‍ശനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും ശ്രമിച്ചു. എന്നാല്‍,
മുഖ്യമന്ത്രിയുടെ ഉപദേശകാനായി തുടരുമ്പോള്‍ തന്നെ സര്‍ക്കാരിനെതിരായ കക്ഷികള്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ ദാമോദരന്‍ ഹാജരാകുമ്പോള്‍ ഉണ്ടാകുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ സി പി ഐ മുന്നില്‍ കണ്ടു. ഇങ്ങനെ മുന്നോട്ടു പോയാല്‍ സര്‍ക്കാര്‍ കരിനിഴലില്‍ ആകും. വികസന പ്രവര്‍ത്തനങ്ങളുടെ മാറ്റ് കുറയും. വരാന്‍ പോകുന്ന ദുരന്തം മനസിലാക്കിയ സി പി ഐ പതിയെ തലപൊക്കി തുടങ്ങിയതോടെ നാടകീയമായ നീക്കത്തോടെ ദാമോദരന്‍ പണി അവസാനിപ്പിച്ചു.
എല്ലാ വിമര്‍ശനങ്ങളെയും സധൈര്യം നേരിടുന്ന നേതാവെന്ന് സിപിഎം നേതൃത്വവും അണികളിലൊരുവിഭാഗവും നിരന്തരം വാഴ്ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം പാളയത്തില്‍ നിന്ന് അധികം എതിര്‍പ്പ് നേരിടേണ്ടി വന്നില്ലെങ്കിലും സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന എതിര്‍പ്പുകള്‍ കാണാനിയില്ല.
ലോട്ടറി രാജാവായ സാന്റിയാഗോ മാർട്ടിനു വേണ്ടിയും കശുവണ്ടി വികസന കോർപറേഷൻ അഴിമതിയാരോപണത്തിൽ വിജിലൻസ് കേസ് നേരിടുന്ന ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനു വേണ്ടിയും ക്വാറി ഉടമകൾക്കുവേണ്ടിയുമാണ് ദാമോദരൻ കോടതിയിൽ ഹാജരായത്. ഇതിൽ സാന്റിയാഗോ മാർട്ടിന്റെ കേസ് ഒഴികെ മറ്റുകേസുകളിൽ സർക്കാർ കക്ഷിയാണ്. ഇതു വൻ വിവാദത്തിനു വഴി തെളിച്ചിരുന്നു.
എന്നാൽ, പ്രതിഫലം പറ്റാതെയാണ് മുഖ്യമന്ത്രിയുടെ ഉപദേശക പദവിയിൽ ദാമോദരൻ പ്രവർത്തിക്കുന്നത് എന്നായിരുന്നു പിണറായിയുടെ മറുപടി. ദാമോദരനെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. എന്നാല്‍, സിപിഐ എതിര്‍പ്പുമായി രംഗത്തെത്തിയാല്‍ സാഹചര്യം കൈവിട്ടു പോകുമെന്ന് മനസിലാക്കിയ മുഖ്യമന്ത്രി ദാമോദരനെ കൈവിടുകയായിരുന്നു.
കശുവണ്ടി കേസില്‍ സര്‍ക്കാരിനെതിരെ എംകെ ദാമോദരന്‍ ഹാജരായപ്പോള്‍ സിപിഎം നേതാക്കളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ഇതിന്റെ സൂചനയും നല്‍കി. എന്നാല്‍ പിണറായി വിജയനോട് നേരിട്ട് വിഷയം പറയാനോ തങ്ങളുടെ നിലപാട് വ്യക്തമാക്കാനോ ധൈര്യമുള്ളവരാരും സി പി എമ്മില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം.
പ്രതിപക്ഷം നേരിയ പ്രസ്‌താവനകളില്‍ മാത്രമായി എതിര്‍പ്പുകള്‍ ഒതുക്കിയപ്പോഴും കുറിപ്പ് വിവാദത്തില്‍ സമ്മര്‍ദ്ദത്തിലകപ്പെട്ട വിഎസ് അച്യുതാനന്ദനും മൌനത്തിലായതോടെ തീരുമാനം പിണറായിയില്‍ മാത്രമായി ഒതുങ്ങി. എന്നാല്‍, ഇങ്ങനെ മുന്നോട്ട് പോയാലുള്ള അപകടം മനസിലാക്കിയാണ് സര്‍ക്കാരിന്റെ അമ്പത്തിയാറാം നാളില്‍ ദാമോദരന്‍ കൂടെ കൂട്ടേണ്ട എന്ന തീരുമാനം സര്‍ക്കാര്‍ നാടകീയമായി സ്വീകരിച്ചത്.