വെള്ളാപ്പള്ളി അസ്വസ്‌ഥന്‍‍; അറസ്‌റ്റുണ്ടാകുമെന്ന ഭയത്താല്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമങ്ങള്‍ സജീവം, പൊതു പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാനും തീരുമാനം - സാഹചര്യം മോശമെന്ന് നിയമോപദേശം

അറസ്‌റ്റ് ഉണ്ടായേക്കാമെന്ന് വിശ്വസ്‌തമായ കേന്ദ്രങ്ങളില്‍ നിന്ന് സൂചന

 vellappally natesan , microfinance case , SNDP എസ്എൻഡിപി യോഗം , മൈക്രോഫിനാൻസ് കേസ്
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 18 ജൂലൈ 2016 (19:44 IST)
മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് വിജിലൻസ് എഫ്ഐആർ. ഉദ്യോഗസ്ഥ തലത്തിൽ വൻ ഗൂഡാലോചന നടത്തുകയും സാമ്പത്തിക ക്രമക്കേട് വരുത്തുകയും ചെയ്തതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതോടെ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമങ്ങള്‍ വെള്ളാപ്പള്ളി ആരംഭിച്ചതായി റിപ്പോര്‍ട്ട്.

മൈക്രോ ഫിനാന്‍‌സ് കേസില്‍ അറസ്‌റ്റ് ഉണ്ടായേക്കാമെന്ന് വിശ്വസ്‌തമായ കേന്ദ്രങ്ങളില്‍ നിന്ന് സൂചന ലഭിച്ചതോടെ ജാമ്യം നേടിയെടുക്കാനായി സ്വന്തം അഭിഭാഷകരുമായി വിഷയം ചര്‍ച്ച ചെയ്‌ത് നിയമോപദേശം തേടി. മുന്‍ കൂര്‍ ജാമ്യത്തിനായി ശ്രമം ആരംഭിക്കാന്‍ അടുപ്പക്കാരായ അഭിഭാഷകരോടു വെള്ളാപ്പള്ളി നിര്‍ദേശം നല്‍കി.

അടുത്ത ദിവസം തന്നെ മുന്‍ കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് വെള്ളാപ്പള്ളിക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിക്ക് കേസില്‍ നേരിട്ട് ബന്ധമുള്ള സാഹചര്യത്തില്‍ നിലവിലെ സാഹചര്യം ഗുരുതരമാണെന്നും ഉപദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ രണ്ടു ദിവസങ്ങളായി വെള്ളാപ്പള്ളി അസ്വസ്‌തനാണ്. മുന്‍ കൂട്ടി തയാറാക്കിയിരുന്ന പല ചടങ്ങുകളില്‍ നിന്നും അദ്ദേഹം വിട്ടു നില്‍ക്കുകയാണ്. ഞായറാഴ്‌ച പന്തളം എസ് എന്‍ ഡി പി യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്‌തിരുന്നു. അതേസമയം, വെള്ളാപ്പള്ളി കുടുംബസമ്മേതം പഴനിയിലേക്ക് തീര്‍ഥയാത്ര പോയെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽവെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്നാണ് വിജിലൻസ് എഫ് ഐ ആർ. വെള്ളാപ്പള്ളിയുൾപ്പെടെ മറ്റ് അഞ്ചുപേരും സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് തെളിവുകൾ ലഭിച്ചുവെന്ന് എഫ് ഐ ആർ വ്യക്തമാക്കി.

ഉദ്യോഗസ്ഥ തലത്തിൽ വൻ ഗൂഡാലോചന നടത്തുകയും സാമ്പത്തിക ക്രമക്കേട് വരുത്തുകയും ചെയ്തതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എഫ് ഐ ആർ. തട്ടിപ്പിന് എസ് എൻ ഡി പിയുടെ യോഗ്യത പരിശോധിച്ചില്ല. വായ്പയെടുത്ത 15.85 കോടി രൂപ എത്തേണ്ടിടത്ത് എത്തിയിട്ടില്ല. കുറഞ്ഞ പലിശക്ക് ഈ തുക നൽകിയിട്ടില്ലെന്ന കാര്യത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നു.

സാമ്പത്തിക ക്രമക്കേടിൽ വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കുണ്ടെന്ന കാര്യം വ്യക്തമായി. വ്യാജ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് തെളിഞ്ഞെന്നും എഫ് ഐ ആറിൽ പറയുന്നു. വെള്ളാപ്പള്ളിയുൾപ്പെടെ അഞ്ചു പേർക്കെതിരെയാണ് വിജിലൻസ് എഫ് ഐ ആർ സമർപ്പിച്ചത്. ഈ എഫ് ഐ ആറിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :