കൊച്ചി|
jibin|
Last Modified ബുധന്‍, 11 ഏപ്രില്‍ 2018 (17:20 IST)
മൈക്രോഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി.
എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് അറിയിച്ച ഹൈക്കോടതി, കേസിൽ വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്നും വ്യക്തമാക്കി.
കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്. എഫ് ഐ ആര്‍ റദ്ദാക്കുന്നതിനു സാധിക്കില്ലെന്ന് കോടതി പറഞ്ഞു. മികച്ച ട്രാക്ക് റിക്കാർഡുള്ള ഐപിഎസ് ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
കേരളം മുഴുവന്‍ അന്വേഷണ പരിധിയില്‍ വരും. അന്വേഷണത്തിന് വിജിലന്‍സിനു പുറത്തുള്ള ഉദ്യോഗസ്ഥരുടെ സഹായം തേടാം. വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ അന്വേഷണം എട്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ പ്രതിയായിരുന്ന പിന്നാക്ക വികസന കോര്‍പറേഷന്റെ മുന്‍ ചെയര്‍മാന്‍ എന്‍ നജീബിനെ കോടതി കുറ്റ വിമുക്തനാക്കി. മൈക്രോഫിനാന്‍സ് വായ്പയുടെ മറവില്‍ വെള്ളാപ്പള്ളി നടേശനും സംഘവും വ്യാജരേഖ ചമച്ച് പിന്നോക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്നും 15 കോടി രൂപ തട്ടിച്ചുവെന്നാണ് കേസ്.