തിരുവനന്തപുരം|
Last Modified ഞായര്‍, 28 ജൂണ്‍ 2015 (12:25 IST)
മെഡിക്കല്‍ സ്റ്റോറുകളിലും
പരിശോധന വരുന്നു. ഇനി മുതല്‍ ആര്‍ക്കും മരുന്നെടുത്തു കൊടുക്കാം എന്ന രീതി അവസാനിപ്പിക്കാന്‍ ഉടന്‍ തന്നെ ഡ്രഗ് ഇന്‍സ്പെക്റ്റര്‍മാര്‍ പരിശോധന കര്‍ക്കശമാക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിനൊപ്പം ഫാര്‍മസിസ്റ്റില്ലാത്ത മെഡിക്കല്‍ ഷോപ്പുകള്‍ക്ക് പിടിയും വീഴും. ഒരാളുടെ സര്‍ട്ടിഫിക്കറ്റ് വച്ച് ഒന്നിലേറെ മെഡിക്കല്‍ ഷോപ്പുകള്‍ നടത്താനുമാവില്ല. മെഡിക്കല്‍ ഷോപ്പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റിലെ ഫാര്‍മസിസ്റ്റ് ഉടമ അവിടെ ജോലി ചെയ്യാതിരിക്കുകയാണെങ്കിലും പിടിവീഴും. ഫാര്‍മസിസ്റ്റ് കൌണ്‍സില്‍ പ്രതിനിധികളും ഡ്രഗ് ഇന്‍സ്പെക്റ്റര്‍മാരുടെ പരിശോധനയ്ക്ക് സഹായത്തിനുണ്ടാകും.
ഇതിനൊപ്പം മെഡിക്കല്‍ സ്റ്റോറുകള്‍ സമാന്തര ചികിത്സ നടത്തുന്നതിനെതിരെയും നടപടിയെടുക്കും. അടുത്തിടെ ഫാര്‍മസി നിയമ ലംഘനത്തിനെതിരെ രണ്ട് തവണ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. ഫാര്‍മസിസ്റ്റ് അല്ലാത്തവര്‍ മരുന്നു നല്‍കുന്നത് പിടികൂടിയാല്‍ ആയിരം രൂപ പിഴയും ആറുമാസം തടവും ശിക്ഷയായി ലഭിക്കും.
നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഫാര്‍മസിസ്റ്റുകളുടെ രജിസ്‍ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരവും ഫാര്‍മസി കൌണ്‍സിലിനുണ്ട്. അതിനാല്‍ ഇനിമുതല്‍ മെഡിക്കല്‍ ഷോപ്പു നടത്തുന്നവര്‍ അതീവ ജാഗ്രത !