തിരുവനന്തപുരം|
jibin|
Last Modified ശനി, 7 ഏപ്രില്‍ 2018 (17:36 IST)
കണ്ണൂർ,
കരുണ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനം ക്രമപ്പെടുത്താൻ നിയമസഭ പാസാക്കിയ വിവാദ ബിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം മടക്കി അയച്ചു. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി.
ഭരണഘടനയുടെ 200മത് അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബില്ല് നിലനില്‍ക്കില്ലെന്ന് രാജ്ഭവന് നിയമ ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നീക്കം.
ബിൽ 'വിത്ഹെൽഡ്' ചെയ്യുന്നതായി ഗവർണർ നിയമസെക്രട്ടറിയെ വൈകിട്ട് രാജ്ഭവനിൽ വിളിച്ചു വരുത്തി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നിയമ സെക്രട്ടറിയും ഗവര്‍ണറും തമ്മില്‍ 20 മിനിട്ടോളം കൂടിക്കാഴ്ച നടത്തി.
ബില്ലില്‍ നിയമ, ആരോഗ്യ സെക്രട്ടറിമാര്‍ എതിരഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കുറിപ്പും ഗവർണർക്കു കൈമാറിയിരുന്നു. ബിൽ അനുവദിക്കരുതെന്നും അത്
കോടതിയലക്ഷ്യമാകുമെന്നും ആരോഗ്യസെക്രട്ടറി ഫയലിൽ കുറിച്ചിരുന്നു. സർക്കാർ പ്രതിസ്ഥാനത്തു നിൽക്കേണ്ടിവരുമെന്നും കുറിപ്പിൽ വ്യക്തമാക്കി. നിയമസെക്രട്ടറിയും ബില്ലിനെ എതിർത്തിരുന്നു. ഇവ രണ്ടുംകൂടി കണക്കിലെടുത്താണ് ഗവർണറുടെ തീരുമാനം.
വെള്ളിയാഴ്‌ചയാണ് മെഡിക്കൽ പ്രവേശനബിൽ സർക്കാർ ഗവർണർക്ക് അയച്ചത്. മറ്റ് ആറു ബില്ലുകള്‍ക്കും 13 ഓര്‍ഡിനന്‍സുകള്‍ക്കുമൊപ്പമാണു നിയമസെക്രട്ടറി മെഡിക്കല്‍ ബില്ലും ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചത്. ബില്ലിനാധാരമായ ഓർഡിനൻസ് കഴിഞ്ഞ ദിവസം സുപ്രീംകോടതി തടഞ്ഞിരുന്നു. കോടതി ക്രമവിരുദ്ധമെന്നു കണ്ടെത്തിയ പ്രവേശനം ക്രമപ്പെടുത്താനായിരുന്നു സർക്കാർ ബിൽ കൊണ്ടുവന്നത്.
ഗവർണർ തിരിച്ചയച്ച പശ്ചാത്തലത്തിൽ ബിൽ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തു തീരുമാനിക്കാനാണ് സാധ്യത. ബിൽ ഗവർണർ തള്ളിയതോടെ അതു പിൻവലിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണു സൂചന.