മരട് ഫ്ലാറ്റ് പൊളിക്കൽ സമയക്രമത്തിൽ മാറ്റം; അഞ്ചുമിനുറ്റിന്റെ ഇടവേളകളിൽ ഫ്ലാറ്റുകൾ നിലം പൊത്തും; ഗതാഗതം തടയും

ജനുവരി 11, 12 തീയതികളിലാണ് മരടിലെ നാല് ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്.

റെയ്‌നാ തോമസ്| Last Modified ഞായര്‍, 5 ജനുവരി 2020 (12:19 IST)
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ നേരിയ മാറ്റം. ആദ്യ രണ്ട് ഫ്ലാറ്റുകള്‍ പൊളിക്കുക അഞ്ച് മിനുട്ട് വ്യത്യാസത്തില്‍ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 11, 12 തീയതികളിലാണ് മരടിലെ നാല് ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്. രാവിലെ 11 ന് ഹോളിഫെയ്ത്ത് എച്ച്‌ ടുഒ ഫ്ലാറ്റ് പൊളിക്കും. അ‍ഞ്ചുമിനുട്ടിന് ശേഷം ആല്‍ഫ സെറീന്‍ ഫ്ലാറ്റ് പൊളിക്കും. രണ്ടു ഫ്ലാറ്റുകളും അര മണിക്കൂര്‍ വ്യത്യാസത്തില്‍ പൊളിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 12ന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം എന്നിവയും പൊളിക്കും.

ഹോളിഫെയ്ത്ത് എച്ച്‌ടുഒ ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെയോടെയാണ്
സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഇനി ജെയ്ന്‍ ഫ്‌ളാറ്റിലായിരിക്കും സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുകയെന്ന് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ അറിയിച്ചു. ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിലായിരിക്കും ഏറ്റവും അവസാനം സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുക.

ഈ ദിവസങ്ങളില്‍ ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. രാവിലെ എട്ടു മുതല്‍ നാലു വരെയാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പൊളിക്കുന്നതിന് മുന്നോടിയായി വൈറ്റില-അരൂര്‍, പേട്ട-തേവര ദേശീയപാതയില്‍ ​ഗതാ​ഗതം തടയും. രാവിലെ എട്ടുമണിക്ക് ശേഷം സമീപത്തെ വീടുകളില്‍ ആളുകള്‍ തങ്ങാന്‍ അനുവദിക്കില്ല. പൊലീസ് വീടുകള്‍ പരിശോധിക്കും.ആളില്ലെന്ന് ഉറപ്പുവരുത്തും. ഡ്രോണുകളും അനുവദിക്കില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :