മംഗള്‍‌യാന്‍ വിക്ഷേപണത്തില്‍ ഇന്നസെന്റിന് നിര്‍ണ്ണായക പങ്ക്!

ചാലക്കുടി| VISHNU.NL| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (20:24 IST)
രാജ്യത്തിന്റെ യശ്ശസ് ലോകത്തിനു മുന്നില്‍ ഉയര്‍ത്തിയ പ്രഥമ ചൊവ്വാ ദൌത്യമായ മംഗള്‍‌യാന്റെ വിജയത്തിനു പിന്നില്‍ ചാലക്കുടി എം‌പിയായ സിനിമാനടന്‍ ഇന്നസെന്റിന് നിര്‍ണ്ണായകമായ പങ്കുണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങളൊരിക്കലും വിശ്വസിക്കില്ല. എന്നാല്‍ സംഗതി അങ്ങനെയാണ്. ഇന്നസെന്റ് ഈ നിര്‍ണ്ണായകമായ പങ്ക് നിര്‍വ്വഹിച്ചത് എം‌പിയായതിനു ശേഷമൊ അതിനു മുമ്പൊ അല്ല. പിന്നയൊ... അദ്ദേഹത്തിന്റെ സ്കൂള്‍ ജീവിത കാലത്താണ്.

കേട്ടിട്ടി വാ പൊളിക്കരുത് കാരണം അന്ന് ഇന്ത്യ റോക്കറ്റ് വിട്ട് പഠിക്കുന്നതേയുള്ളു എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്താണ് സംഭവമെന്നറിയാമൊ? ആ കഥ ഇനി ഇന്നസെന്റ് പറഞ്ഞുതരും... മംഗള്‍‌യാനിലെ തന്റെ കറുത്ത കരങ്ങളെക്കുറിച്ച് ഇന്നസെന്റ് വെളിപ്പെടുത്തിയത് കലിക്കറ്റ് യൂണിവേഴ്‌സിറ്റി എംഎ പൊളിറ്റിക്സ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ മേലൂര്‍- പൂലാനിയിലെ എംബി ഗീതുവിനെ അനുമോദിക്കാന്‍ പൗരാവലിയും യുഗചേതന ക്ളബും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങിലാണ്.

ഇനി ഇന്ന്സെന്റിന്റെ വാക്കുകളിലൂടെ... മംഗളയാന്റെ ശില്‍പ്പി ഡോ കെ രാധാകൃഷ്ണന്‍ ഇരിങ്ങാലക്കുട സ്വദേശിയാണ്. അദ്ദേഹത്തിന്റെ ചേട്ടനായ ശിവദാസന്‍ അഞ്ചാം ക്ലാസില്‍ എന്നോടൊപ്പമായിരുന്നു പഠിച്ചിരുന്നത്. എല്ലാം ക്ളാസുകളിലേയും പോലെ അഞ്ചിലും ഞാന്‍ തോറ്റു. വിവരമറിഞ്ഞ ശിവദാസന്‍ കെട്ടിപിടിച്ചുകൊണ്ട് എന്നോട് സങ്കടത്തോടെ യാത്രപറഞ്ഞു.

വേര്‍പിരിയുന്നതിന്റെ വിഷമംമൂലമാണെന്ന് താന്‍ തെറ്റിദ്ധരിച്ചപ്പോള്‍ അദ്ദേഹമത് തിരുത്തുകയും ചെയ്തു. ശിവദാസന്‍ കരഞ്ഞത് എന്തുകൊണ്ടായിരുന്നു എന്നറിയാമൊ?
അവന്റെ സഹോദരന്‍ രാധാകൃഷ്ണന്‍ അടുത്തവര്‍ഷം എന്റെ ക്ലാസിലേക്കാണ് വരുന്നത്. അതുകൊണ്ട് തന്നെ.. അവനെ നീ നശിപ്പിക്കരുത് എന്നാണ് ശിവദാസന്‍ എന്നൊട് പറഞ്ഞത്, ഞാനത് അക്ഷരം പ്രതി അനുസരിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ മംഗളയാനുംഒന്നുമുണ്ടാകുമായിരുന്നില്ല! എന്താ അല്ലെ. ഏതായാലും മംഗള്‍‌യാന്‍ വിജയമാക്കിയതിലെ പങ്ക് സ്മരിച്ചിട്ടാണൊ, അതൊ പ്രസംഗം നിര്‍ത്താന്‍ വേണ്ടിയാണൊ എന്നറിയില്ല അവിടെ കൂടിയിരുന്നവര്‍ മുഴുവനും നിറഞ്ഞ കയ്യടിയാണ് ഇന്നച്ചന്‍ കൊടുത്തത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :