കോഴിക്കോട്|
Last Updated:
തിങ്കള്‍, 6 മെയ് 2019 (15:11 IST)
ഭാര്യയെ കൂട്ടിക്കൊണ്ടുപോവാന്‍ യാത്ര തിരിച്ച യുവാവിനെ കാണാതായിട്ട് ഒരാഴ്‌ച. രാമനാട്ടുകര കാരാട്പറമ്പ് വാക്കുളങ്ങരപുറായ് സജൽദാസിനെയാണ് ഏപ്രിൽ 28 മുതൽ കാണാതായത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യുവാവിനെക്കുറിച്ച് യാതൊരു വിവരവുമില്ല.
കുന്നമംഗലത്തുള്ള ഭാര്യവീട്ടിലേക്ക് 28ന് രാവിലെ 7.30നാണ് സജൽദാസ് പോയത്. രാവിലെ 9.12ന് സഹോദരന്‍ അനിൽകുമാർ ഫോണില്‍ വിളിച്ചപ്പോള്‍ ഭാര്യയെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കൂട്ടിക്കൊണ്ടുപോവാന്‍ പോകുകയാണെന്നും അറിയിച്ചു.
അന്നുരാവിലെ 9.30ന് രാമനാട്ടുകരയിലെ ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളിൽ സജൽദാസ് നടന്നുപോവുന്നതു പതിഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് സജൽദാസിനെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ല. മറ്റ് സി സി ടിവി ദൃശ്യങ്ങളിലും യുവാവ് ഇല്ല.
സജല്‍ദാസിനെ കാണാതായതോടെ അനിൽകുമാർ വാഴക്കാട് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. സജൽദാസിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയ നിലയിലാണ്.
കെട്ടിടനിർമാണ കമ്പനിയിലെ സൂപ്പർവൈസറായിരുന്ന സജൽദാസിന്റെ വിവാഹം മൂന്നു മാസം മുമ്പാണ്
നടന്നത്. കോഴിക്കോട്ട് ഒരു സ്വകാര്യ കോളേജില്‍ വിദ്യാർഥിനിയാണ് ഭാര്യ.