Last Modified തിങ്കള്‍, 6 മെയ് 2019 (10:04 IST)
പൊള്ളാച്ചിയിലെ ആനമല സേത്തുമടയില്‍ ലഹരി ഉപയോഗവും അശ്ലീല നൃത്തവും ചെയ്ത 150 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗം സംഘടിപ്പിച്ച സ്വകാര്യ റിസോര്‍ട്ട് പൊലീസ് സീല്‍ ചെയ്തു. 90 മലയാളി വിദ്യാര്‍ഥികളടക്കം 150 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ സ്ത്രീകളും ഉൾപ്പെടും.
കോയമ്പത്തൂര്‍ ജില്ലാ പൊലീസ് മേധാവി സുജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സേത്തുമടയിലെ ഒരു തെങ്ങിന്‍തോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം റിസോര്‍ട്ടില്‍ സ്‌റ്റേജും മൈക്കും കെട്ടി നൂറുകണക്കിനാളുകള്‍ ബഹളവും അശ്ലീലനൃത്തവും നടത്തിയിരുന്നു.
ആഘോഷം അതിരു കടന്നപ്പോൾ നാട്ടുകാര്‍ മുന്നറിയിപ്പുമായി എത്തിയെങ്കിലും റിസോര്‍ട്ട് ഉടമയും ആഘോഷത്തില്‍ ഏര്‍പ്പെട്ടവരും അതിനു തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാര്‍ റിസോര്‍ട്ട് തല്ലിത്തകര്‍ത്ത് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് റിസോര്‍ട്ട് വളഞ്ഞാണ് 150 ആണ്‍കുട്ടികളെയും നൃത്തം ചെയ്ത സ്ത്രീകളെയും അറസ്റ്റ് ചെയ്തത്. ഇവിടെനിന്ന് വന്‍തോതില്‍ മദ്യവും ലഹരിവസ്തുക്കളും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.