കഞ്ചാവ് വിൽപ്പനയ്‌ക്കായി വാട്‌സാപ്പ് ഗ്രൂപ്പ്; യുവാവ് അറസ്റ്റിൽ; ഗ്രൂപ്പിൽപ്പെട്ടവരെ കണ്ട് ഞെട്ടി പൊലീസ്

കഞ്ചാവ് കച്ചവടത്തിനായി ഇയാള്‍ നിരവധി വാട്‍സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരുന്നു.

തുമ്പി ഏബ്രഹാം| Last Updated: തിങ്കള്‍, 25 നവം‌ബര്‍ 2019 (13:42 IST)
വാട്‍സാപ്പ് ഗ്രൂപ്പുകളിലൂടെ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നയാളെ എക്സൈസ് പിടികൂടി. ആലപ്പുഴ ഹരിപ്പാട് സ്വദേശി അനീഷ് ആണ് കൊച്ചിയില്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 2.5 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. വാട്‍സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഇതിലൂടെയാണ് പ്രതി കഞ്ചാവ് വില്‍പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഞ്ചാവ് കച്ചവടത്തിനായി ഇയാള്‍ നിരവധി വാട്‍സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് വാട്‍സാപ്പ് ഗ്രൂപ്പുകള്‍ വഴി ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. കഴിഞ്ഞ മാസം 5 കിലോ കഞ്ചാവുമായി കൊച്ചിയില്‍ പിടിയിലായ ഒഡീഷ സ്വദേശിയില്‍ നിന്നാണ് അനീഷിനെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി എക്സൈസിനോട് പറഞ്ഞത്.

ഇയാള്‍ നേരത്തെയും കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ പ്രതിയുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് നിരവധി വാട്‍സാപ്പ് സന്ദേശങ്ങളാണ് എത്തിയത്. ഈ നമ്പറുകള്‍ കേന്ദ്രീകരിച്ചും എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്‍പെക്ടര്‍ ബിജു വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :