റെയ്‌നാ തോമസ്|
Last Modified ശനി, 2 നവംബര്‍ 2019 (10:44 IST)
ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണത്തിൽ 54 പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വടക്ക് കിഴക്കൻ ഭാഗത്തുള്ള സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്.
53 സൈനികരും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മാലി മന്ത്രാലയം അറിയിച്ചു. ബുർകിന ഫാസോയുമായി ചേർന്നുള്ള അതിർത്തിയിൽ ഒരു മാസത്തിന് മുൻപ് നടന്ന ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
മേഖലയിൽ സുരക്ഷ ശക്തമാക്കിയതായി മാലി സർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. നിജർ അതിർത്തിക്കടുത്ത് മേനക പ്രദേശത്താണ് ആക്രമണമുണ്ടായതെന്ന് മാലി വാർത്താവിനിമയ വകുപ്പ് മന്ത്രി യയാ സംഗാരെ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ആക്രമണ വിവരങ്ങൾ പുറത്ത് വിട്ടത്.