'എൽഎം, നിങ്ങളെ പോലൊരു മാച്ച് വിന്നറെ കണ്ടിട്ടില്ല'; മലിംഗയ്ക്ക് ആശംസകള്‍ നേര്‍ന്ന് രോഹിത് ശര്‍മ്മയും ബുംറയും

338 വിക്കറ്റുകളുമായി ഏകദിനത്തിലെ ഒമ്പതാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരനായാണ് മലിംഗയുടെ കരിയര്‍ അവസാനിച്ചത്.

Last Modified ഞായര്‍, 28 ജൂലൈ 2019 (12:02 IST)
ശ്രീലങ്കയുടെ സൂപ്പര്‍ പേസര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മൂന്നു വിക്കറ്റ് നേട്ടത്തോടെ ആയിരുന്നു താരത്തിന്റെ വിരമിക്കൽ‍. 338 വിക്കറ്റുകളുമായി ഏകദിനത്തിലെ ഒമ്പതാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരനായാണ് മലിംഗയുടെ കരിയര്‍ അവസാനിച്ചത്. വിരമിക്കലിന് ശേഷം ലസിത് മലിംഗയ്ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്.

‘കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുംബൈ ഇന്ത്യന്‍സില്‍ കളിച്ചവരില്‍ ഒരു മാച്ച് വിന്നറെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഈ മനുഷ്യന്‍ മുന്നിലുണ്ടാകുമെന്നുറപ്പാണ്. ക്യാപ്റ്റനെന്ന നിലയില്‍ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങളില്‍ അദ്ദേഹം എനിക്ക് ആശ്വാസമായിരുന്നു. ഒരിക്കലും പ്രതീക്ഷ കാക്കാതിരുന്നില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ധാരാളമായിരുന്നു. ഭാവിയിലേക്ക് എല്‍എമ്മിന് ആശംസകള്‍’ രോഹിത് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ മലിംഗ ഇന്ത്യന്‍ താരങ്ങളുമായി നല്ല സൗഹൃദത്തിലാണ്. വിരമിക്കലിന് ശേഷം ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ മലിംഗയുടെ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ കൂടിയാണ് രോഹിത്.

മുംബൈ ഇന്ത്യന്‍സിലെ തന്നെ സഹതാരമായ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും മലിംഗയ്ക്ക് ആശംസ നേര്‍ന്നു. ക്രിക്കറ്റിന് വേണ്ടി ചെയ്തതിന് എല്ലാം നന്ദിയെന്ന് പറഞ്ഞ ബുംറ മലിംഗയുടെ അവസാന മത്സരത്തിലെ പ്രകടനത്തേയും പ്രശംസിച്ചു. മുംബൈയ്ക്ക് ഐപിഎല്‍ കിരീടം നേടി കൊടുക്കുന്നതില്‍ പോലും മലിംഗയുടെ പ്രകടനം നിര്‍ണായകമായിരുന്നു. അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു മലിംഗ പ്രതിരോധിച്ചത്.

രണ്ട് തവണ ശ്രീലങ്കയെ ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മലിംഗ. 2007ലും 2011ലും ലോകകപ്പ് കലാശപോരാട്ടത്തിന് യോഗ്യത നേടിയെങ്കിലും കിരീടം കൈവിട്ടുപോയി. 2009ലും 2012ലും ടി20 ലോകകപ്പ് ഫൈനലിലും ശ്രീലങ്ക പരാജയപ്പെട്ടു. 2014ല്‍ ആ കിരീടം ശ്രീലങ്ക സ്വന്തമാക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :