കൊച്ചി|
jibin|
Last Modified ചൊവ്വ, 25 ജൂലൈ 2017 (17:07 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ മലയാള സിനിമയിലെ മുടിചൂടാമന്നനായ
ദിലീപിന്റെ അറസ്‌റ്റിന് പിന്നാലെയുണ്ടായ കോലാഹലങ്ങള്‍ക്ക് ഒട്ടും അയവില്ല. സിനിമാ ലോകത്തെ ഞെട്ടിച്ച ഈ വാര്‍ത്തയ്‌ക്കു പിന്നാലെ നടനും സംവിധായകനുമായ ലാലിന്റെ മകനും യുവസംവിധായകനുമായ ജീൻപോൾ ലാലിനെതിരെ മറ്റൊരു യുവനടി പരാതി നല്‍കിയത് പുതിയൊരു ‘ ബോംബ് ’ ആകുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.
ഹണി ബീയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഈ രണ്ടു സംഭവങ്ങളും ഉണ്ടായതെന്നാണ് ശ്രദ്ധേയം. തട്ടിക്കൊണ്ടു പോയ ശേഷം യുവനടിയെ പള്‍സര്‍ സുനിയും സംഘവും ഉപേക്ഷിച്ചത് ലാലിന്റെ വീട്ടിലായിരുന്നു. തുടര്‍ന്നാണ്
നിര്‍മ്മാതാവ് ആന്റോ ജോസഫും പിടി തോമസ് എംഎൽഎയും സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിച്ചത്.
ഹണി ബീയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചതിനുള്ള പ്രതിഫലം ലഭിച്ചില്ലെന്നാണ് ഇപ്പോഴത്തെ പരാതിക്കാരിയും എറണാകുളം സ്വദേശിയുമായ നടിയുടെ ആരോപണം. പനങ്ങാടുള്ള ഹോട്ടലിൽ പ്രതിഫലം ചോദിച്ചു ചെന്നപ്പോള്‍ ജീൻപോൾ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ഇവരുടെ പരാതി. ഇതോടെയാണ് രണ്ടു കേസും തമ്മില്‍ ബന്ധമുണ്ടോ എന്ന് എല്ലാവരും സംശയിക്കുന്നത്.
2016 നവംബർ 16നാണ് നടിക്കുനേരെ ജീൻപോൾ ലൈംഗിക ചുവയോടെ സംസാരിച്ചത്. താരസംഘടനയായ അമ്മയില്‍ അംഗമായ ഇവര്‍ ഇക്കാര്യം സംഘടനയിലോ പൊലീസിലോ പരാതിപ്പെട്ടില്ല. ഇതിനിടെ സുനിയും സംഘവും പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയ സംഭവം ചര്‍ച്ചാ വിഷയം ആയി തീരുകയും ചെയ്‌തു. അന്നൊന്നും പരാതിപ്പെടാതിരുന്ന നടി ദിലീപ് അറസ്‌റ്റിലായതോടെ പരാതി നല്‍കിയതില്‍ പന്തികേട് ഉണ്ടെന്നാണ് വിലയിരുത്തല്‍.
പ്രമുഖ നടി ഉപദ്രവിക്കപ്പെട്ട ശേഷം ലാല്‍ നടത്തിയ ചില പ്രസ്‌താവനകളും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. സുനിയും അക്രമിക്കപ്പെട്ട നടിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ലാൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ദിലീപ് ഒരു അഭിമുഖത്തിൽ ആരോപിച്ചത്. ഇത് നിഷേധിച്ച ലാല്‍ നടിയും സുനിയും തമ്മിൽ ഒരുമാസത്തെ ബന്ധമേയുള്ളൂവെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
നടിയുടെ പരാതിയില്‍ ജീൻപോളിനെ കൂടാതെ നടന്‍ ശ്രീനാഥ് ഭാസിയുടെ പേരും പറയുന്നുണ്ട്. അനിരുദ്ധ്, അനൂപ് എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റുമൂന്നുപേര്‍. ഈ സാഹചര്യത്തില്‍ പ്രമുഖ നടിക്കു നേരെയുണ്ടായ അക്രമവും പുതിയ പരാതിയും തമ്മില്‍ കൂട്ടിവായിക്കാനാണ് പൊലീസ് നീക്കം നടത്തുന്നത്. രണ്ടു കേസുകളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.