റോഡപകടത്തിൽ യുവാവ് മരിച്ച സംഭവം : അപകടത്തിൽ പെട്ട കാർ പിടിച്ചെടുത്തു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (17:24 IST)
മലപ്പുറം: കഴിഞ്ഞ നവംബർ 27 നു ദേശീയ പാതയിലെ കുറ്റിപ്പുറം പാലത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തിനിടയാക്കിയ കാർ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടറുടേതെന്നും അത് അപകടത്തിന് ശേഷം പൊളിച്ചു വിൽക്കാൻ തൃശൂരിലെ കടയിൽ എത്തിച്ചപ്പോൾ പോലീസ് പിടികൂടിയതോടെയുമാണ് കണ്ടെത്തിയത്. കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി സനാഹ് എന്ന ഇരുപത്തിരണ്ടുകാരനാണ് മരിച്ചത്.

കാർ ഉടമയായ കോട്ടയം മെഡിക്കൽ കോളേജ് ഡോക്ടറും കോഴിക്കോട് സ്വദേശിയുമായ ബിജു ജോർജ്ജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കും തെളിവ് നശിപ്പിക്കലിനും കേസെടുത്തു. കോഴിക്കോട് ഭാഗത്തു നിന്ന് അമിത വേഗത്തിൽ എത്തിയ കാർ പാലത്തിനു മുകളിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. കുറ്റിപ്പുറം സി.ഐ. പി.കെ.പത്മരാജന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കാർ കണ്ടെത്തിയത്.

അപകടത്തിൽ നമ്പർ പ്ളേറ്റ് ഒടിഞ്ഞു തൂങ്ങിയ കാറിന്റെ ദൃശ്യങ്ങൾ ചങ്ങരംകുളത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. തൃശൂരിലെ വാഹനങ്ങൾ പൊളിക്കുന്ന കമ്പോളത്തിൽ നിന്നാണ് കാർ കണ്ടെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :