മലബാര്‍ സിമന്റ്സ് അഴിമതി: സിബിഐ അന്വേഷണമാകാമെന്ന് വിജിലന്‍സ്

തിരുവനന്തപുരം| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (16:05 IST)
മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ അന്വേഷണമാകാമെന്ന് വിജിലന്‍സ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ തള്ളിയാണ് വിജിലന്‍സ് നിലപാട് വ്യക്തമാക്കിയത്. കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

മലബാര്‍ സിമന്റ്‌സിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. കേസില്‍ വിജിലന്‍സ് അന്വേഷണം നല്ല നിലയില്‍ പുരോഗമിക്കുന്നതിനാല്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ടതില്ല എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതു തള്ളിയാണ് വിജിലന്‍സ് ഡയറക്ടര്‍ കേസില്‍ സിബിഐ അന്വേഷണമാവാമെന്ന് കാണിച്ച് അഡി. ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. കേസില്‍ പൊലീസും നേരത്തെ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്തിരുന്നതായും കത്തില്‍ വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.

ക്രമക്കേടുകളില്‍ മുഖ്യസാക്ഷിയായിരുന്ന മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും രണ്ട് മക്കളുടെയും ദുരൂഹ മരണം അന്വേഷിക്കുന്ന സിബിഐ തന്നെ കമ്പനിയിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ചാലെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ കണ്ടെത്താനാകൂ എന്നാണ് ഹര്‍ജിക്കാരന്റെ നിലപാട്. ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിബിഐ അന്വേഷണത്തിന് വിജിലന്‍സ് സമ്മതം അറിയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :