മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മാവോയിസ്റ്റ് , രൂപേഷ് , പൊലീസ് , അട്ടപ്പാടി വനമേഖല , വെടിവെപ്പ്
പാലക്കാട്| jibin| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (08:29 IST)
മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പാലക്കാട് ജില്ലാ കോടതിയിലാണ് ഇയാളെ ഹാജരാക്കുക. അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നതാണ് കേസ്. ഇതുള്‍പ്പെടെ 10 കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ പൊലീസിന് നേരെ വെടിവെപ്പ് നടന്ന കടുകുമണ്ണയിൽ മാവോയിസ്റ്റുകൾ ഉപയോഗിച്ച വെടിയുണ്ടകൾ കണ്ടെടുത്തു. വെടിയുണ്ടകള്‍ വിശദമായ പഠനത്തിനായി മാറ്റും. സംഭവത്തിൽ യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ പൊലീസ് എൻഐഎയ്ക്ക് റിപ്പോർട്ട് നൽകും. കോഴിക്കോടു നിന്നുളള നക്സൽ വിരുദ്ധസേനയും തണ്ടർബോൾട്ടും വനമേഖലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. മാവോയിസ്‌റ്റുകള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി അധികൃതര്‍ വ്യക്തമാക്കുകയും ചെയ്‌തു.

അട്ടപ്പാടി വനമേഖലയില്‍ പൊലീസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പ് സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ആക്രമണത്തില്‍ രണ്ടു മലയാളികള്‍ പങ്കെടുത്തതായി എഫ് ഐ ആറില്‍ വ്യക്തമാക്കുന്നുണ്ട്. ഈ കേസ് തീവ്രവാദ സ്വഭാവമുള്ളത് ആയതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയേക്കും. ഇവരില്‍ ഒരാള്‍ വയനാട് സ്വദേശിയായ സോമനാണ്. അട്ടപ്പാടി പൂതൂർ പന്നിയൂർപ്പടിക സ്വദേശി അയ്യപ്പനും കൂട്ടത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :