ഇത് ഒരു വഴിത്തിരിവാണ്, മാധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്: എം വി നികേഷ് കുമാർ

ഇത് ഒരു വഴിത്തിരിവാണ്, മാധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്: എം വി നികേഷ് കുമാർ

കണ്ണൂർ| aparna shaji| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (10:22 IST)
മാധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്കിറങ്ങുന്നതെന്ന് പ്രമുഖ മാധ്യമപ്രവർത്തകനും ഇടതുമുന്നണി സ്ഥാനാർഥിയുമായ പറഞ്ഞു. രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ മാധ്യമ പ്രവർത്തനം ഉപേക്ഷിക്കണമെന്നാണ് തന്റെ മനസ്സാക്ഷി പറയുന്നതെന്നും അദ്ദേഹം അറിയിച്ചു. എൽ ഡി എഫിന്റെ സ്വതന്ത്രസ്ഥാനാർഥിയായി അഴീക്കോട് മണ്ഡലത്തിൽ നികേഷ് കുമാർ മത്സരിക്കുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിനെത്തുടർന്ന് തന്റെ അഭിപ്രായം അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.

എം വി നികേഷ് കുമാറിന്റെ ഫേസ്ബുക്ക് പേജിന്റെ പൂർണരൂപം:

ഇന്നലെ വരെ അവരിലൊരാളായിരുന്നു ഞാനും. മാധ്യമ പ്രവർത്തകനായിരുന്ന ഞാൻ രാഷ്ട്രീയപ്രവർത്തനത്തിൽ ഇറങ്ങുന്നതിനെ കുറിച്ചായിരുന്നു എന്റെ പ്രിയ മാധ്യമ പ്രവർത്തകർക്ക് അറിയേണ്ടിയിരുന്നത്. മാധ്യമപ്രവർത്തനത്തേയും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നോക്കിക്കാണുന്ന ആളാണ് ഞാൻ. പക്ഷേ, ഇപ്പോൾ ഞാൻ പൂർണ്ണസമയവും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. അതുകൊണ്ട് തന്നെ മാധ്യമപ്രവർത്തകനായല്ല, മാധ്യമപ്രവർത്തനം അവസാനിപ്പിച്ചാണ് ഞാൻ രാഷ്ട്രീയത്തിലിറങ്ങുന്നത്.

വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ നിന്ന് ഇടതു ജനാധിപത്യ മുന്നണി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ്.രാഷ്ട്രീയം എന്റെ രക്തത്തിലുള്ളതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ നേതാക്കളിൽ പ്രധാനിയായിരുന്നു അച്ഛൻ എം വി രാഘവൻ. അച്ഛൻ പാർട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ കാലഘട്ടത്തിൽ മാധ്യമപ്രവർത്തനം എന്ന കർമ്മമണ്ഡലമാണ് ഞാൻ തെരഞ്ഞെടുത്തത്. ഏഷ്യാനെറ്റിലെ ചെറിയ കാലം കഴിഞ്ഞ് ഇന്ത്യാവിഷൻ, റിപ്പോർട്ടർ എന്നീ സ്ഥാപനങ്ങളുടെ എഡിറ്റോറിയൽ ചുമതലയിലിരുന്നുകൊണ്ടാണ് ഒന്നര പതിറ്റാണ്ടോളം ആ ജോലി ചെയ്തത്.

മാധ്യമപ്രവർത്തനം എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിരുന്നു. മലയാളത്തിൽ ടെലിവിഷൻ വാർത്താസംസ്‌കാരം രൂപപ്പെട്ടുവന്ന കാലമായിരുന്നു ഇത്. ഈ കാലത്തുടനീളം നമ്മുടെ നാടിനെ കൂടുതൽ നീതിയുക്തമായ ഒരു സമൂഹമാക്കാനും നമ്മുടെ രാഷ്ട്രീയ മേഖലയെ കൂടുതൽ സുതാര്യമാക്കാനും നടക്കുന്ന എണ്ണമറ്റ പരിശ്രമങ്ങളുടെ ഭാഗമാകാനാണ് ഞാനും എന്റെ സഹപ്രവർത്തകരും ശ്രമിച്ചത്.ഇത് ഒരു വഴിത്തിരിവാണ്. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ നിന്ന് ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലേക്ക് മാറാനുള്ള അവസരം. എന്നാൽ രാഷ്ട്രീയമായി ഇതുവരെ പുലർത്തിപ്പോന്ന നിലപാടുകളുടെ തുടർച്ച തന്നെയാണ് മനസിലുള്ളത്.

നമ്മുടെ രാഷ്ട്രീയം ചരിത്രപരമായ ഒരു സന്ധിയിൽ നിൽക്കുന്പോഴാണ് ഈ തെരഞ്ഞെടുപ്പ്. സാമൂഹിക ജീവിതത്തിൽ വേർതിരിവുകളും അസഹിഷ്ണുതയും വളർത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. ബഹുസ്വരവും മതനിരപേക്ഷവുമായ നമ്മുടെ രാഷ്ട്ര മനസിനെ സങ്കുചിതവും മതാത്മകവുമാക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നു. ഇതിന് ഫലപ്രദമായി തടയിടാൻ കഴിയുക ഇടതുപക്ഷ മനസുള്ള ഒരു രാഷ്ട്രീയത്തിനാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

എന്റെ സ്ഥാനാർത്ഥിത്വത്തിനുള്ള ഇടതുമുന്നണി പിന്തുണയുടെ വിശദീകരണം ഇതുമാത്രമാണ്.അഴീക്കോട് എന്റെ ജന്മനാനാടാണ്. നാടുമായി എനിക്ക് വൈകാരിക ബന്ധമുണ്ട്. ഞാൻ എന്റെ നാട്ടിലേക്ക് മടങ്ങുകയാണ്. ഈ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവെക്കാനാണ് ഈ കുറിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :