സതീശന്റെ ജനാധിപത്യ ഗീർവാണങ്ങൾ കേട്ട് കോരിത്തരിച്ചവർ ദയവായി മാളത്തിൽ നിന്ന് പുറത്തിറങ്ങണം; പരിഹസിച്ച് എം.സ്വരാജ്
M Swaraj and VD Satheesan
തിരഞ്ഞെടുപ്പിന് മുൻപ് ഒരു വാക്കും തിരഞ്ഞെടുപ്പ് ജയിച്ചപ്പോൾ മറ്റൊരു വാക്കും എന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിലപാടിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. അധികാരത്തിലെത്തിയാൽ എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ പ്രശ്‌നം ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്നാണ് സതീശൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അവർക്ക് സമരം ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കുകയാണ്. കാപട്യത്തിന്റെ പൂരം കേരളം കാണാനിരിക്കുന്നതേയുള്ളൂവെന്നും സ്വരാജ് പറഞ്ഞു.
എം.സ്വരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
അധികാരത്തിൽ വന്നാൽ ഒരാഴ്ച കൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്ന് വാക്കുകൊടുത്ത ആൾ ഇന്ന് മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നു. പ്രശ്‌നം പരിഹരിക്കുന്നതു പോകട്ടെ സമാധാനപരമായി പ്രതിഷേധിക്കാൻ പോലും അനുവദിക്കില്ലെന്നതാണ് പുതിയ നിലപാട്.
സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തൽ രാത്രിയുടെ മറവിൽ പോലീസിനെ വിട്ട് പൊളിച്ചു നീക്കുന്നു. പന്തൽ പൊളിച്ചാൽ പ്രതിഷേധം ഇല്ലാതാകുമെന്ന് കരുതുന്നവരാണ് ഇന്ന് കേരളം ഭരിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്തെ ശ്രീ. വീ ഡി സതീശന്റെ ജനാധിപത്യ ഗീർവാണങ്ങൾ കേട്ട് കോരിത്തരിച്ചവർ മാളത്തിൽ നിന്ന് ദയവായി പുറത്തിറങ്ങണം. ഇനി ന്യായീകരണപ്രബന്ധങ്ങൾ രചിച്ചു തുടങ്ങാം.
കാപട്യത്തിന്റെ പൂരം കേരളം കാണാനിരിക്കുന്നതേയുള്ളൂ.
മോദി സ്റ്റൈൽ തുടർന്ന് സതീശൻ
സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമെതിരെ 'മോദി സ്‌റ്റൈൽ' നടപടികളുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ പൊളിച്ചുമാറ്റി. ഇന്നലെ രാത്രിയാണ് പൊലീസ് എത്തി സമരപ്പന്തൽ പൊളിച്ചത്.
സമരക്കാരെ ബലംപ്രയോഗിച്ച് പൊലീസ് നീക്കി. സമരനേതാവ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് അതിക്രമം. സമരസ്ഥലത്ത് വൻ സംഘർഷാവസ്ഥയുണ്ടായി. ഹൈക്കോടതി നിർദേശപ്രകാരമാണ് പന്തൽ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താൽക്കാലിക പന്തൽ പൊളിച്ചില്ലെന്നും പൊലീസ് വിശദീകരിച്ചു. സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടർന്ന്, വളർമതിക്ക് പകരം ജയകൃഷ്ണൻ ഇപ്പോൾ മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ചു. Also Read: നാളെ ന്യൂനമർദ്ദത്തിനു സാധ്യത; കേരളത്തിൽ വീണ്ടും മഴ ലഭിച്ചേക്കും
