aparna|
Last Modified ശനി, 23 ഡിസംബര്‍ 2017 (12:45 IST)
ഏറെ വിവാദമായ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പ്പിച്ചതിൽ കുറ്റബോധമുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് എംഎം ഹസന്‍. കരുണാകരന്റെ രാജിക്കാര്യത്തിൽ എ കെ ആന്റണിക്ക് എതിർപ്പായിരുന്നുവെന്നും ഹസൻ വ്യക്തമാക്കുന്നു.
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയാൽ അത് കോൺഗ്രസിന്റെ തകർച്ചയിലേക്ക് വഴിവെയ്ക്കുമെന്ന ആന്റണിയുടെ മുന്നറിയിപ്പിനെ വകവെയ്ക്കാതെ രാജി നടപടിയിൽ മുഖ്യപങ്ക് വഹിച്ചതിൽ കുറ്റബോധം ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹസൻ.
ആത്മകഥ എഴുതുന്ന സമയത്ത് ഇക്കാര്യങ്ങള്‍ എഴുതണമെന്നാണ് കരുതിയിരുന്നത്. കരുണാകരന്‍ അനുസ്മരണം നടക്കുമ്പോള്‍ ഇക്കാര്യം പറയാതെ പോകാന്‍ സാധിക്കില്ലെന്നും ഹസ്സന്‍ പറഞ്ഞു.
കെ കരുണാകരന്‍റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാരക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ 1995ല്‍ രാജിവെച്ചിരുന്നു. അന്ന് കരുണാകരന്റെ രാജിക്കായി പാര്‍ട്ടിക്കുള്ളില്‍ കലാപമുയര്‍ത്തിയതും ഏറ്റവും അധികം സമ്മര്‍ദ്ദം ചെലുത്തിയതും ഉമ്മന്‍ ചാണ്ടിയും ഹസനും ആയിരുന്നു.