ഞങ്ങളെ മനസമാധാനക്കേടിലേക്ക് തള്ളിയിട്ടതിൽ വിയോജിക്കുന്നു: പാർവതിക്ക് മറുപടിയുമായി ബോബി–സഞ്ജയ്

പാർവതിക്ക് മറുപടിയുമായി ബോബി–സഞ്ജയ്

aparna| Last Modified ശനി, 23 ഡിസം‌ബര്‍ 2017 (11:50 IST)
കസബയിലെ സ്ത്രീവിരുദ്ധതയെ പരസ്യമായി വിമർശിച്ച നടി പാർവതിയെ സോഷ്യൽ മീഡിയ ആക്രമിക്കുകയാണ്. തെറിവിളികളും അധിക്ഷേപവുമായി ആക്രമണം ചൂടിപിടിച്ചുവെന്നല്ലാതെ യാതോരു കുറവുമില്ല. വിഷയത്തിൽ സിനിമ മേഖലയിൽ നിന്നും നിരവധി ആളുകൾ പാർവതിക്കെതിരെ രംഗത്ത് വന്നിരുന്നു. അവർക്കിടയിൽ ഇതാ വേറിട്ട ഒരു സ്വരം. തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും വിവാദത്തോട് പ്രതികരിക്കുന്നത് ഇങ്ങനെ:

ആദാമിന്റെ വാരിയെല്ല്

പ്രശ്നം കസബയോ പാർവതിയോ പോലുമല്ല. പ്രശ്നം പെണ്ണ് സംസാരിച്ചു എന്നതാണ്. തെറ്റിദ്ധരിക്കരുത്. സംസാരിക്കുന്നതിൽ ഞങ്ങൾക്ക് പരാതിയില്ല. പക്ഷേ അത് ഫാഷൻ ട്രെന്റുകളെ കുറിച്ചും, പാചകത്തെക്കുറിച്ചും, ഭാവി വരനെപ്പറ്റിയുള്ള സങ്കൽപങ്ങളെക്കുറിച്ചുമൊക്കെ പോരെ? വൻ കാര്യങ്ങളെക്കുറിച്ചൊക്കെ പറയേണ്ടി വരുമ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ ഞാനാളല്ല എന്ന വിനയമല്ലേ അതിന്റെ ശരി? അതും പോട്ടെ പറഞ്ഞതിനെപ്പറ്റി ഒരു ക്ഷമാപണമെങ്കിലും നടത്തിക്കൂടേ? എത്ര ഉച്ചത്തിൽ ഞങ്ങൾ ആൺസിംഹങ്ങൾ അലറിക്കൊണ്ടിരിക്കുന്നു.

മാപ്പ് പറയുന്നില്ലെന്ന് മാത്രമല്ല, അതേ ആത്മവിശ്വാസത്തോടെ, അതേ ശക്തിയോടെ ഉള്ള മറുപടികൾ വീണ്ടും വീണ്ടും. ഇല്ല പാർവതി, ഞങ്ങൾക്കിത് ശീലമില്ല. പെണ്ണ് എന്ന് പറയുമ്പോൾ ഞങ്ങൾ പ്രതീക്ഷിക്കുന്ന മിനിമം അടക്കവും ഒതുക്കവുമുണ്ട്. പ്രത്യേകിച്ച് ഈ പ്രായത്തിൽ. അതിനപ്പുറമുള്ളവരെ ആക്രമിച്ചേ ഞങ്ങൾക്ക് ശീലമുള്ളൂ. ആക്രമണമെന്ന് പറയുമ്പോൾ അത് പല ഘട്ടങ്ങളിലാണ്. ഒന്ന് നിങ്ങളാരാണ് ഇതൊക്കെപ്പറയാൻ എന്ന തരത്തിലുള്ളത്. (നീയാരാടീ ഇത് പറയാൻ എന്ന് പരിഭാഷ).

അതിൽ കുലുങ്ങുന്നില്ലെന്ന് കണ്ടാൽ അടുത്ത സ്റ്റെപ്പ് പരിഹാസമാണ് പണിപ്പെട്ടുണ്ടാക്കുന്ന തമാശകൾ, ഉപമകൾ. അവിടെയും അനക്കമില്ലെങ്കിൽ പിന്നെ ഞങ്ങൾ മൂന്നാമത്തെ ലെവലിലേക്ക് പോകും. സ്ത്രീയെ ലൈംഗിക അവയവങ്ങളിലേക്ക് ചുരുക്കിയുള്ള ശുദ്ധ ചീത്തവിളിയും. വ്യക്തിഹത്യയും. മൂന്നും ഇന്ന് വരെ കേട്ടിട്ടില്ലാത്ത തരത്തിൽ സ്ത്രീ ശബ്ദം ഉയരുമ്പോഴുണ്ടാകുന്ന അസഹിഷ്ണതയിൽ നിന്നാണെന്നതാണ് സത്യം. അല്ലാതെ വിയോജിപ്പ് ആരോഗ്യകരമായ പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചയിലൂടെ എന്നതൊന്നും ഞങ്ങളുടെ അജണ്ടയിലില്ല.

അങ്ങനെയായിരുന്നെങ്കിൽ സ്ത്രീ വിരുദ്ധമായ പരാമർശങ്ങളോ അങ്ങനയെുള്ള കഥാപാത്രങ്ങളോ ഉണ്ടാവാൻ പാടില്ല എന്നതാണ് നിങ്ങളുടെ പരാമർശത്തിലുള്ളതെന്ന് ഞങ്ങൾ തെറ്റിദ്ധരിക്കില്ലായിരുന്നു. അവ മഹത്വവൽക്കരിക്കപ്പെടരുത് എന്നാണ് നിങ്ങൾ ഉദ്ദേശിച്ചതെന്ന് ഞങ്ങൾ മനസിലാക്കുമായിരുന്നു. മലയാളം കണ്ട
ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയിലെ പുരുഷ കഥാപാത്രങ്ങൾ സ്ത്രീ വിരുദ്ധതയുടെ പ്രതീകങ്ങളായിരുന്നു എന്ന് തിരിച്ചറിയുന്നിടത്ത് തീരുമായിരുന്നു എല്ലാ പ്രശ്നവും. ആ സിനിമയുടെ പേരാണ് ഈ കുറിപ്പിന്റെയും ടൈറ്റിൽ ആദാമിന്റെ വാരിയെല്ല്.

ഒരു സിനിമയുടെ മാത്രമാണ് പേരെടുത്ത് പറഞ്ഞതെങ്കിലും അതിലൂടെ അനേകം സിനിമകളെയാണ് പാർവതി, താങ്കൾ വിമർശിച്ചിരിക്കുന്നത്. ഒരു പക്ഷേ, ഞങ്ങൾ എഴുതിയവകളടക്കം. എന്തായാലും സ്വസ്ഥമായി എഴുതിക്കൊണ്ടിരുന്ന ഞങ്ങളെ, ഇനി പേനയെടുക്കുമ്പോൾ സ്ത്രീയെ, അവളുടെ പക്ഷത്ത് നിന്ന് കൂടി ചിന്തിച്ചിട്ടെഴുതൂ എന്ന ഓർമപ്പെടുത്തലിലേക്ക്, സ്വയം വിശകലനത്തിലേക്ക്, മനസമാധാനക്കേടിലേക്ക് തള്ളിയിട്ടതിനാൽ ഞങ്ങൾ താങ്കളോട് വിയോജിക്കുന്നു, വിയോജിക്കുന്നു, വിയോജിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :