മൂന്നാര്‍|
Last Modified വെള്ളി, 12 ജൂലൈ 2019 (17:38 IST)
65 ലക്ഷം രൂപ സമ്മാനത്തുക അടിച്ച ലോട്ടറി ടിക്കറ്റുമായി സുഹൃത്ത് മുങ്ങിയതോടെ യുവാവ് പൊലീസിനെ സമീപിച്ചു. മൂന്നാര്‍ സ്വദേശി ആര്‍ ഹരികൃഷ്ണനാണ് സുഹൃത്ത് സാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
ഹരികൃഷ്ണനും സാബുവും ഒരുമിച്ചാണ് ഈ ലോട്ടറി ടിക്കറ്റെടുത്തത്. കേരള ലോട്ടറിയുടെ വിന്‍ വിന്‍ ടിക്കറ്റ് തിങ്കളാഴ്ച കുഞ്ചിത്തണ്ണിയില്‍ നിന്നാണ് വാങ്ങിയത്. 30 രൂപ മുടക്കി വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ അടിക്കുകയായിരുന്നു. ആ സമയത്ത് ടിക്കറ്റ് ഹരികൃഷ്ണന്‍റെ കൈയിലായിരുന്നു.
സാബുവിനെയും ബ്ലോക്ക് പഞ്ചായത്തംഗം നെല്‍സണേയും കൂട്ടി ഹരികൃഷ്ണന്‍ മൂന്നാര്‍ എസ് ബി ഐ ശാഖയിലെത്തി. എന്നാല്‍ സമ്മാനത്തുക രണ്ടുപേര്‍ക്കായി വീതിക്കണം എന്നതിനാല്‍ രണ്ടുപേരുടെയും പേരില്‍ ജോയിന്‍റ് അക്കൌണ്ട് എടുക്കണമെന്നും പിറ്റേ ദിവസം എത്താനും ബാങ്ക് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ആ സമയത്ത് സാബുവിന്‍റെ കൈയ്യിലായി ലോട്ടറി ടിക്കറ്റ്.
അടുത്ത ദിവസം ബാങ്കില്‍ പോകാനായി സാബുവിനെ വിളിച്ച ഹരികൃഷ്ണന്‍ ഞെട്ടി. ഫോണ്‍ സ്വിച്ച് ഓഫ്. വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു. സാബു മുങ്ങിയതാണെന്ന് ഹരികൃഷ്ണന് മനസിലായി. തുടര്‍ന്ന് ഹരികൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മേസ്തിരിപ്പണിക്ക് മൂന്നാറില്‍ എത്തിയ സാബു ഒറ്റയ്ക്കാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. ഇയാളുടെ യഥാര്‍ത്ഥ സ്വദേശമോ അഡ്രസോ ഹരികൃഷ്ണന് അറിയില്ല.