‘രേണു രാജിനെ എംഎൽഎ ശകാരിച്ചു’, സബ് കളക്ടറുടെ നടപടി നിയമപരം - പിന്തുണച്ച് കളക്ടറുടെ റിപ്പോര്‍ട്ട്

s rajendran , renu raj , idukki , idukki land case , രേണു രാജ് , മൂന്നാര്‍ , ഇടുക്കി , എസ് രാജേന്ദ്രന്‍
ഇടുക്കി| Last Modified ചൊവ്വ, 12 ഫെബ്രുവരി 2019 (19:33 IST)
മൂന്നാറിലെ അനധികൃത കെട്ടിട നിർമാണം സംബന്ധിച്ച് ദേവികുളം സബ് കളക്ടർ രേണു രാജിനെ പിന്തുണച്ച് ഇടുക്കി ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം നിയമങ്ങള്‍ ലംഘിച്ചുള്ളതാണെന്നും സബ് കളക്‍ടറെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ശകാരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലുള്ള സ്ഥലത്ത് മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ വ്യവസായ കേന്ദ്രം നിര്‍മിക്കുന്നതു നിലവിലുള്ള നിയമങ്ങൾ അട്ടിമറിച്ചാണ്. മുതിരപ്പുഴയാറില്‍ നിന്നും 50 മീറ്റര്‍ മാറി മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളൂ. എന്നാല്‍, കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് ആറ് മീറ്റര്‍ പോലും ദൂരത്തിലല്ല. ഇത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥ സംഘത്തെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഭീഷണിപ്പെടുത്തിയെന്നും സബ്കലക്ടര്‍ രേണു രാജിനെ ശകാരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

റെവന്യൂ സംഘത്തെ വെല്ലുവിളിച്ച എംഎല്‍എ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തൊഴിലാളികളോട് നിര്‍ദേശം നല്‍കി. ഈ നടപടികളെല്ലാം ഗുരുതരമായ ചട്ടലംഘനങ്ങളാണെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ വി രതീശന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാറിൽ നിർമാണ പ്രവർത്തനം നടത്താൻ റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമാണെന്നും നിലവിലെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശയും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :