Lok Sabha Election 2024: സുരേഷ് ഗോപിയെ തളയ്ക്കാന്‍ വമ്പന്‍മാരെ ഇറക്കാന്‍ എല്‍ഡിഎഫും യുഡിഎഫും; സുനില്‍ കുമാര്‍ സിപിഐ സ്ഥാനാര്‍ഥിയാകും !

രേണുക വേണു| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (10:49 IST)

Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ എല്‍ഡിഎഫും യുഡിഎഫും. ബിജെപി ക്യാംപുകളില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ സുരേഷ് ഗോപിയെ തളയ്ക്കാനുള്ള ആയുധങ്ങള്‍ രാകിമിനുക്കുന്ന തിരക്കിലാണ് എല്‍ഡിഎഫും യുഡിഎഫും. തൃശൂരിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇപ്പോഴേ ആലോചനകള്‍ നടക്കുന്നുണ്ട്.

തൃശൂരിലെ ജനങ്ങള്‍ക്ക് സുപരിചിതനും മികച്ച തിരഞ്ഞെടുപ്പ് രംഗത്ത് മുന്‍പരിചയവും ഉള്ള വി.എസ്.സുനില്‍ കുമാര്‍ ആയിരിക്കും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി. തൃശൂരിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഏറെ ബന്ധമുള്ള നേതാവാണ് സുനില്‍കുമാര്‍. തൃശൂര്‍ ലോക്‌സഭാ സീറ്റ് എല്‍ഡിഎഫില്‍ സിപിഐയ്ക്കുള്ളതാണ്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥിയായി ടി.എന്‍.പ്രതാപന്‍ തന്നെ മത്സരിച്ചേക്കുമെന്നാണ് വിവരം. നിലവിലെ തൃശൂര്‍ എംപി കൂടിയാണ് പ്രതാപന്‍.

തൃശൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാന്‍ സുരേഷ് ഗോപിക്ക് ബിജെപി നേതൃത്വം നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിക്കണമെന്നും ഇത്തവണ ബിജെപിക്ക് വേണ്ടി തൃശൂര്‍ സീറ്റ് സ്വന്തമാക്കണമെന്നും സുരേഷ് ഗോപിയെ പാര്‍ട്ടി ദേശീയ, സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. തൃശൂരില്‍ മത്സരിക്കാന്‍ വേറൊരു പേര് പരിഗണിക്കുകയേ വേണ്ട എന്നാണ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

സുരേഷ് ഗോപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി തൃശൂര്‍ നേതൃത്വം പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്ക് വേണ്ടിയുള്ള പിആര്‍ പ്രവര്‍ത്തനങ്ങള്‍ അടക്കം കാര്യക്ഷമമാക്കാനാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ക്രൈസ്തവ വോട്ടര്‍മാര്‍ക്കിടയില്‍ സുരേഷ് ഗോപിക്കുള്ള സ്വാധീനം മുതലെടുക്കണമെന്നും സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂരില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിയും സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സുരേഷ് ഗോപിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളും തൃശൂരില്‍ ആരംഭിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :