രേണുക വേണു|
Last Modified ശനി, 22 ജനുവരി 2022 (09:54 IST)
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ അവസാനത്തെ മാര്‍ഗമായി മാത്രമേ നടപ്പാക്കൂ എന്നാവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോക്ക്ഡൗണ്‍ വേണ്ട എന്നാണ് ഇപ്പോഴത്തെ നിലപാട്. എന്നാല്‍, കോവിഡ് പ്രതിരോധത്തെ തകിടംമറിക്കുന്ന രീതിയില്‍ കേരളത്തിലെ കോവിഡ് കേസുകള്‍ പെരുകിയാല്‍ മാത്രം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാം എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ആശുപത്രിയില്‍ അഡമിറ്റ് ചെയ്യേണ്ടിവരുന്ന രോഗികളുടെ എണ്ണം നിയന്ത്രണാതീതമായാല്‍ മാത്രമേ സമ്പൂര്‍ണ ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കൂ.
സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ കൊവിഡ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഒരു സ്ഥാപനത്തില്‍ പത്ത് പേര്‍ പോസിറ്റീവായാല്‍ അത് ലാര്‍ജ് ക്ലസ്റ്ററാകും. അത്തരത്തില്‍ അഞ്ച് ക്ലസ്റ്ററുകളുണ്ടായാല്‍ ജില്ലാ കലക്ടര്‍മാരെയും ജില്ലാ ഭരണകൂടത്തെയും അടക്കം അറിയിച്ച് ആ സ്ഥാപനം 5 ദിവസത്തേക്ക് അടയ്ക്കണം. കോളേജുകള്‍ ഉള്‍പ്പടെ ഉള്ളവയ്ക്ക് ഇത് ബാധകമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.