ഇടതുപക്ഷം സമാനതകളില്ലാത്ത പ്രതിസന്ധിയില്‍

ഇടതുപക്ഷം, സിപിഐ, പാര്‍ട്ടി കോണ്‍ഗ്രസ്
തിരുവനന്തപുരം| VISHNU.NL| Last Updated: ചൊവ്വ, 11 നവം‌ബര്‍ 2014 (13:04 IST)
ഇന്ത്യയിലെ ഇടതുപക്ഷം സമാനതകളില്ലാത്ത പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്ന സംഘടനാ രേഖയുമായി സിപിഐ.
ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യാനായി തയ്യാറാക്കിയ രേഖയിലാണ് ഇടതുപക്ഷം തകര്‍ച്ചയുഇടെ വക്കിലാണെന്ന പറയുന്നത്. തിരഞ്ഞെടുപ്പു പരാജയങ്ങള്‍ പാര്‍ട്ടിയുടെ അടിത്തറയെത്തന്നെ ബാധിച്ചതായും താഴെത്തട്ടുമുതലുള്ള പാര്‍ലമെന്ററി വ്യാമോഹമാണ് തകര്‍ച്ചകള്‍ക്ക് കാരണമായതെന്നും സംഘടനാ രേഖ വിലയിരുത്തുന്നു.

രാജ്യത്ത് വലിയ വെല്ലുവിളിയാണ് ഇടതുപക്ഷം നേരിടുന്നത്. ഇടതുപ്രസ്ഥാനങ്ങളുടെ മുരടിപ്പും തകര്‍ച്ചയും നേരത്തെ തുടങ്ങിയെങ്കിലും അതിന്റെ ശക്തമായ പ്രതിഫലനമായിരുന്നു കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലുണ്ടായത്. ആ പ്രതിഭാസം തുടരുകയാണെന്നും രേഖ പറയുന്നു. പശ്ചിമബംഗാളിലെ ഭരണനഷ്ടം പാര്‍ട്ടി അണികളുടെ മാത്രമല്ല, ഇടതുപക്ഷത്തെ പിന്‍തുണക്കുന്ന ജനവിഭാഗങ്ങളുടേയും ആത്മവിശ്വാസം ചോര്‍ത്തിയെന്ന് രേഖ തുറന്നുസമ്മതിക്കുന്നു.

മോഡിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ കടുംപിടുത്തങ്ങളില്ലാത്ത രാഷ്ട്രീയ അടവുകള്‍ അനിവാര്യമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യവും ശക്തിപ്പെടുത്തണം. മധ്യവര്‍ഗത്തിന്റെ അകല്‍ച്ച മാറ്റാന്‍ പ്രത്യേക ശ്രദ്ധ വേണം. സിപിഐയില്‍ പഴയ ഉത്സാഹമോ ആത്മവിശ്വാസമോ ഇല്ല തുടങ്ങിയ കാര്യങ്ങളാണ് രേഖയില്‍ പറയുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ക്കായി സെപ്തംബറില്‍ ചേര്‍ന്ന സിപിഐ ദേശീയ കൌണ്‍സിലാണ് സംഘടനാ രേഖ തയ്യാറാക്കിയത്. നേരത്തെ സിപി‌എം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത് വാര്‍ത്തയായിരുന്നു. അതിനു പിന്നാലെ സമാനമായ ചര്‍ച്ചയാണ് സിപിഐയും ഉദ്ദേശിക്കുന്നത്. സിപിഎമ്മിനു പുറമെ ആര്‍എസ്പിയും ഫോര്‍വേഡ് ബ്ളോക്കുമായുള്ള ബന്ധം ശക്തിപ്പെടുത്തണമന്നാവശ്യപ്പെടുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളേക്കാള്‍ സ്വീകാര്യത സിപിഐക്കുണ്ടെന്നാണ് സിപി‌ഐ അവകാശപ്പെടുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :