തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 9 ജൂലൈ 2015 (09:20 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ഇടതുമുന്നണി സംസ്ഥാന സമിതി ഇന്ന് ചേരും. ഉച്ചക്ക് രണ്ടിന് എകെജി സെന്ററിലാണ് യോഗത്തില്‍ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും ബാര്‍ കോഴക്കേസില്‍ മന്ത്രി കെഎം മാണിക്ക് എതിരായ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഗൗരവ ചര്‍ച്ചക്ക് ഇടയാക്കും.
ഇടത് പാര്‍ട്ടികളുടെ ദേശീയ നേതൃത്വം തീരുമാനിച്ച പ്രക്ഷോഭ സമരങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ടയെങ്കിലും അരുവിക്കര തോല്‍വിയും ബാര്‍ കോഴക്കേസുമായിരിക്കും പ്രധാനമായും ഉയര്‍ന്നുവരുക. പാഠപുസ്‌തക വിവാദം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എന്നിവയും ചര്‍ച്ചയില്‍ വരും. ബാര്‍ കോഴക്കേസില്‍ നിയമപരമായ നടപടികളുടെ സാധ്യതയും സമര പരിപാടികളും ആലോചിക്കും. അഴിമതി വിഷയങ്ങളില്‍ സമരപരിപാടികള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ട് പോകണമെന്ന അഭിപ്രായം ഘടകകക്ഷികള്‍ക്കുണ്ട്.
അരുവിക്കര തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് എതിരായ വികാരം അനുകൂലമാക്കാന്‍ കഴിയാത്തതും ബിജെ പിയുടെ രാഷ്ട്രീയ വളര്‍ച്ചയും മുന്‍നിര്‍ത്തിയാവും പ്രാഥമിക വിലയിരുത്തല്‍. അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ഇതാദ്യമായാണ് മുന്നണി നേതൃത്വം ഒരുമിച്ച് ചേരുന്നത്.