തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 18 മാര്‍ച്ച് 2018 (16:18 IST)
സംസ്ഥാനത്ത് പുതിയ
മദ്യശാലകൾ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ഇത് സംബന്ധിച്ച വിവാദങ്ങൾ അടിസ്ഥാനരഹിതമാണ്. സുപ്രീംകോടതി വിധിയേത്തുടർന്നു പൂട്ടിപ്പോയ കള്ളുഷാപ്പുകൾ മാത്രം തുറക്കാനാണ് അനുമതി. പുതിയ ബാറുകൾക്കുള്ള അപേക്ഷ വന്നാൽ അപ്പോൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ഇതിന്റെ പേരിലുള്ള വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. പൊതുനയത്തിന്റെ ഭാഗമായാണ് സർക്കാർ മദ്യശാലകൾ തുറക്കുന്നത്. കൂടുതൽ മദ്യശാലകൾ തുറക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
മദ്യവർജ്ജനം തന്നെയാണു സര്‍ക്കാരിന്റെ ലക്ഷ്യം. മദ്യഷാപ്പുകളുടെ എണ്ണം കൂടിയെന്ന ആരോപണവും തെറ്റാണ്. യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്ന അത്രയും മദ്യശാലകൾ ഇപ്പോഴില്ല. ഈ വിഷയത്തിൽ ക്രൈസ്തവ സഭകളുടെ ആശങ്കയും സംശയങ്ങളും ദൂരീകരിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
121 ബീയർ വൈൻ പാർലറുകളും മൂന്ന് സൈനിക കാന്റിനുകൾ 499 കള്ളുഷാപ്പുകളുമാണ് പുതിയ വിധിയുടെ അടിസ്ഥാനത്തിൽ തുറക്കുന്നത്. ഷാപ്പുകൾ അടച്ചതോടെ 12,100 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ബീയർ വൈൻ പാർലറുകളിലെ 7,500 ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.