Last Modified തിങ്കള്‍, 18 മാര്‍ച്ച് 2019 (08:57 IST)
ലോക്‌സഭ തെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ ബിജെപി ക്യാമ്പിലേക്ക് നീങ്ങാനുള്ള നീക്കം ഉപേക്ഷിച്ച കെ വി തോമസ് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിക്കാമെന്ന് സോണിയാ ഗാന്ധിയുടെ ഓഫിസ് കെ വി തോമസിനെ അറിയിച്ചു. സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധമുയർത്തിയ കെ വി തോമസിനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി അഹമ്മദ് പട്ടേല്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്ഥാനാത്ഥിത്വത്തിൽ നിന്ന് മാറ്റി നിർത്തിയതിന് പകരമായി
പാർട്ടി പദവികൾ നൽകി കെ വി തോമസിനെ അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍ഡിന്റെ ആലോചന.
കെവി തോമസിന് ഹൈക്കമാൻഡ് മൂന്ന് വാഗ്ദാനങ്ങൾ നൽകിയെന്നാണ് സൂചന. യുഡിഎഫ് കൺവീനർ പദവി, എഐസിസി ഉത്തരവാദിത്തം, പാർലമെന്ററി ദൗത്യം എന്നിവയാണിത്. ഹൈക്കമാൻഡ് നിർദേശമനുസരിച്ചു തോമസുമായി കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇവ ചർച്ചാവിഷയമായത്.
സ്ഥാനാർഥിയായതോടെ ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയും. ഈ പദവിയാണ് ഒരു സാധ്യത. എഐസിസി നേതൃത്വത്തിൽ എകെ ആന്റണി, ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, പിസി. ചാക്കോ എന്നിവർ ഇപ്പോൾ തന്നെയുണ്ടെങ്കിലും മുതിർന്ന നേതാവിനു യോജിച്ച പദവി നൽകാമെന്നും ഹൈക്കമാൻഡ് പറയുന്നു. നിയമസഭയിലേക്കു മത്സരിക്കണമോയെന്നു കെവി തോമസിനു തീരുമാനിക്കാം.