Sumeesh|
Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (12:54 IST)
കോഴിക്കോട്: ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയിൽ പുനഃപരിശോധനാ ഹർജി നൽകാൻ സർക്കാർ തയ്യാറാവണമെന്ന് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ഇന്ന് ശബരിമലയിലാണെങ്കിൽ നാളെ മറ്റൊരു വിശ്വാസത്തിലും ഈ അവസ്ഥ വരാം എന്നും അദ്ദേഹം പറഞ്ഞു.
ആചാരങ്ങളെയും വിശ്വാസങ്ങളെയും മാനിക്കണം. വിശ്വാസികൾ പവിത്രം എന്ന് കരുതുന്ന നിലപാടിന്റെ കൂടെ നിൽക്കാനും ആ നിലപാട് കോടതിയെ അറിയിക്കാനുമാണ് കഴിഞ്ഞ യു ഡി എഫ് സർക്കാർ തീരുമാനമെടുത്തത്. മുസ്‌ലിം ലീഗിന്റെ തീരുമാനവും അതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോടതിയിൽ സ്വീകരിച്ച നിലപാടാണ് പ്രശ്നമായത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതി ഇടപെടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മതവിശ്വാസത്തിനും മറ്റും നിരക്കാത്ത ഒട്ടനവധി വിധികള്‍ അടുത്തകാലത്ത് കോടതികളില്‍ നിന്ന് വന്നിട്ടുണ്ട്. വിധിക്ക് ആധാരമാകുന്നത് പലപ്പോഴും സര്‍ക്കാരുകളുടെ നിലപാടാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.