ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ മൂന്ന് വര്‍ഷം കൊണ്ട് കശ്മീരില്‍ സമഗ്ര വികസനം ഉണ്ടായതായി കുമ്മനം രാജശേഖരന്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (15:25 IST)
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ മൂന്ന് വര്‍ഷം കൊണ്ട് കശ്മീരില്‍ സമഗ്ര വികസനം ഉണ്ടായതായി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. കാശ്മീരിനെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. മുരടിപ്പും നിശ്ചലാവസ്ഥയും മാറി. പ്രതീക്ഷയും പ്രത്യാശയും ജനങ്ങളില്‍ ദൃശ്യമാണ്. റോഡ്, റെയില്‍, വൈദ്യുതി, ആരോഗ്യം, ടുറിസം, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെല്ലാം വന്‍ കുതിപ്പ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

6 വര്‍ഷമായി മുടങ്ങിക്കിടന്ന 5282 കോടി രൂപയുടെ 850 മെഗാവാട്ട് റാറ്റില്‍ ജലവൈദ്യുത പദ്ധതി ധൃതഗതിയില്‍ പുരോഗമിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സംരംഭങ്ങള്‍ വിജയകരമായി നടത്തുവാന്‍ കഴിയുന്നുവെന്ന നേട്ടവും മൂന്ന് വര്‍ഷം കൊണ്ട് കാശ്മീരിന് കൈവരിച്ചു. എയിംസ് , ഐ ഐ ടി , ഐ ഐ എം തുടങ്ങിയ ലോകോത്തര പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഏക സംസ്ഥാനമാണ് ജമ്മു കാശ്മീര്‍. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍ പാലം പണിയുന്നത് ഇവിടുത്തെ ചെനാബ് നദിയിലാണ്.

കാശ്മീര്‍ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി എന്നതാണ് ശ്രദ്ധേയമായ നേട്ടം. പുറം നാട്ടുകാര്‍ക്ക് 90 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിനെടുത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാം. 40 കമ്പനികള്‍ 15,000 കോടി രൂപയുടെ നിക്ഷേപം ഇറക്കാന്‍ തയ്യാറായിട്ടുണ്ട്.
റിന്യൂവബിള്‍ എനര്‍ജി , ഹോസ്പ്പിറ്റാലിറ്റി , പ്രതിരോധം , ടൂറിസം , നൈപുണ്യം , വിദ്യാഭ്യാസം , ഐറ്റി , ഇന്‍ഫ്രാസ്ട്രക്ച്ചര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ 13,600 കോടി രൂപയുടെ 168 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചുകഴിഞ്ഞു. ഇതിനായി 6000 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.

തൊഴിലവസരങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് 2019-20 ല്‍ അധ്യാപകര്‍ക്കായി 27000 പുതിയ തസ്തികകളും 2020-21ല്‍ 50000 പുതിയ തസ്തികയും 2000 കോടി രൂപയും അനുവദിച്ചു.

ഗ്രാമതലത്തില്‍ ശാക്തീകരണ സംവിധാനം ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ 2000 അക്കൗണ്ടന്റുമാരെ നിയമിച്ചു. ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഒരു അപൂര്‍വ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ 10,000 ഒഴിവുകള്‍ നികത്താന്‍ തീരുമാനമായി. 25000 ഒഴിവുകള്‍ കൂടി പിന്നീട് നികത്തും. ജൂനിയര്‍ തസ്തികകളായ ഡോക്ടര്‍മാര്‍, മൃഗഡോക്ടര്‍മാര്‍, പഞ്ചായത്ത് അക്കൗണ്ട് അസിസ്റ്റന്റുമാരുടെ തസ്തികകള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :