തിരുവനന്തപുരം|
Last Modified ചൊവ്വ, 11 നവംബര്‍ 2014 (11:34 IST)
സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന എല്ലാ സൂപ്പര്‍ക്ലാസ് റൂട്ടുകളും ഏറ്റെടുക്കാന്‍ തയാറാണന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ അറിയിച്ചു. റൂട്ടുകള്‍ ഏറ്റെടുക്കാന്‍ കഴിയുമോയെന്ന് ഈമാസം 15ന് മുന്‍പ്
അറിയിക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസി ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്. അതേസമയം സ്വകാര്യബസുകളുടെ സമ്മര്‍ദം മറികടന്ന് കെഎസ്ആര്‍ടിസിയുടെ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കുമോയെന്നതാണ് സംശയം.
ആകെയുള്ള 241 സൂപ്പര്‍ക്ലാസ് റൂട്ടുകളില്‍ 95 എണ്ണത്തിന്റെ കാലാവധിയാണ് തീര്‍ന്നത്. ഇതില്‍ 41 എണ്ണം ഏറ്റെടുത്തു. 54 എണ്ണം ശബരിമല സീസണ്‍ കഴിയുന്നതോടെ ഏറ്റെടുക്കും. ശേഷിക്കുന്ന 146 റൂട്ടുകളുടെ കാലാവധി 2018 ഓടെ മാത്രമേ അവസാനിക്കൂ. അപ്പോഴേക്കും അതും ഏറ്റെടുക്കാന്‍ കെഎസ്ആര്‍ടിസി സജ്ജമായിരിക്കും എന്നാണ് കെഎസ്ആര്‍ടിസിയുടെ ഉറപ്പ്. ഏറ്റെടുത്ത 41 റൂട്ടുകളില്‍ ഏഴെണ്ണത്തിന്റെ വരുമാനം എണ്ണായിരത്തില്‍ താഴെയായിരുന്നു. ഇതില്‍ മൂന്നെണ്ണം ലാഭത്തിലാക്കി. ബാക്കി റൂട്ടിലും പുതിയ ബസുകള്‍ സര്‍വീസിനിറക്കുന്നതോടെ ലാഭത്തിലാക്കാന്‍ കഴിയുമെന്നും ഗതാഗതവകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലുമുള്ള റൂട്ടുകളും കെഎസ്ആര്‍ടിസിയുടെ ക്ഷമതയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറെ ഏല്‍പിച്ചിരിക്കുകയാണ്. ഇതുകൂടി ലഭിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമ നിലപാട് സ്വീകരിക്കുക.