തിരുവനന്തപുരം|
jibin|
Last Updated:
ചൊവ്വ, 2 മെയ് 2017 (20:25 IST)
കെഎസ്ആര്‍ടിസി
മെക്കാനിക്കൽ തൊഴിലാളികൾ നടത്തി വന്ന സമരം തുടരുമെന്ന് ഒരു വിഭാഗം ജീവനക്കാർ. യൂണിയൻ പ്രതിനിധികൾ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാൻ കഴിയില്ലെന്നും പുതിയ ഷിഫ്റ്റ് സമ്പ്രദായം സ്വീകാര്യമല്ലെന്നും ജീവനക്കാർ നിലപാടെടുത്തു.
കെഎസ്ആര്‍ടിസി മെക്കാനിക്കൽ തൊഴിലാളികൾ സമരം മന്ത്രിയുമായുണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥകൾക്കു വിരുദ്ധമായി സമരം തുടർന്നാൽ കർശന നടപടിയെടുക്കുമെന്ന് എംഡി രാജമാണിക്യം വ്യക്തമാക്കി. പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികളിലേക്കു സർക്കാർ കടക്കുമെന്ന് എംഡി സമരം ചെയ്യുന്ന തൊഴിലാളികൾക്കു മുന്നറിയിപ്പ് നൽകി.
രാവിലെ ഗതാഗതമന്ത്രിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെത്തുടർന്നു സമരം പിൻവലിക്കാൻ ധാരണയായിരുന്നു. ഇതിന് ശേഷമാണ് ഒരു വിഭാഗം തൊഴിലാളികള്‍ ധാരണ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.
സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച മുതല്‍ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. സമരം തീരാതിരുന്നാൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ കടുത്ത പ്രതിസന്ധിയിയിലാവും കെഎസ്ആർടിസി.
അറ്റകുറ്റപ്പണി ഏറ്റവും കൂടുതൽ നടക്കുന്ന രാത്രിസമയത്ത് കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനും ഡബിൾ ഡ്യൂട്ടിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് മാനേജ്മെന്റ് സിംഗിൾ ഡ്യൂട്ടി ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. രാത്രിസമയത്താണ് ബസുകളുടെ അറ്റകുറ്റപ്പണി കൂടുതലും നടക്കുന്നത്. അതുകൊണ്ടു പകലുള്ള രണ്ടു സിംഗിൾ ഡ്യൂട്ടിയിൽ വരുന്നവർക്കും കാര്യമായ ജോലിയുണ്ടാകുകയുമില്ല.
അതേസമയം, ജോലി കൂടുതലുള്ള രാത്രിയിലാവട്ടെ ആവശ്യത്തിന് ജോലിക്കാരുമില്ല. ഈ ഒരു പ്രശ്നം പരിഹരിക്കാനാണ് ഡബിൾ ഡ്യൂട്ടി മാറ്റി എല്ലാം സിംഗിൾ ഡ്യൂട്ടിയാക്കിയിരിക്കുന്നത്. ഇതനുസരിച്ച് രാവിലെ ആറുമുതൽ രണ്ടുവരെയും രണ്ടുമുതൽ രാത്രി പത്തുവരെയും പത്തുമുതൽ വെളുപ്പിന് ആറുവരെയുമായിരിക്കും പുതിയ ഷിഫ്റ്റ്. ഇതുവഴി രണ്ടുമണി മുതൽ പിറ്റേന്ന് ആറുവരെ കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്താനും സാധിക്കും.