വന്ദനയെ കുത്തിയെ സന്ദീപ് സ്‌കൂള്‍ അധ്യാപകന്‍, ലഹരിക്ക് അടിമയായതോടെ സസ്‌പെന്‍ഡ് ചെയ്തു; കുത്തിയത് ആറ് തവണ

അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്

രേണുക വേണു| Last Modified ബുധന്‍, 10 മെയ് 2023 (13:31 IST)

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ പ്രതി സന്ദീപ് കുത്തിയത് ആറ് തവണ. കോട്ടയം കടുത്തുരുത്തിയിലെ വ്യാപാരിയായ മോഹന്‍ദാസിന്റെ ഏകമകളായ വന്ദനയുടെ നെഞ്ചിനും നട്ടെല്ലിനും കഴുത്തിലുമാണ് കത്രിക ഉപയോഗിച്ച് പ്രതി കുത്തിയതെന്ന് പൊലീസ് പറയുന്നു. ഡോക്ടറെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നാല് പേര്‍ക്ക് കുത്തേറ്റത്.

പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് സ്‌കൂള്‍ അധ്യാപകനാണ്. ഇയാള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ലഹരിക്ക് അടിമയായതുകൊണ്ടാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡ്രസിങ് റൂമില്‍ വെച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് വനിത ഡോക്ടറെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയില്‍ കഴിയവെ മരിച്ചു.

പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.

ഇന്നലെ വൈകിട്ടാണ് സന്ദീപ് വീടിന് സമീപമുള്ളവരുമായി അടിപിടി കൂടിയത്. യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. കാലിന് പരുക്കേറ്റ സന്ദീപിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കാലിലെ മുറിവില്‍ തുന്നല്‍ ഇടുന്നതിനിടെ ആശുപത്രിയിലെ കത്രിക എടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതാണ് വന്ദനയുടെ മരണകാരണം.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :