കൂത്താട്ടുകുളം|
Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (08:27 IST)
ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനങ്ങളിലെ ആദ്യത്തെ വനിതാ പ്രവര്‍ത്തകരില്‍ പ്രമുഖയായ കൂത്താട്ടുകുളം മേരിയുടെ(93) മൃതദേഹം കോട്ടയം മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും. പിറവത്തെ ആരക്കുന്നം എപി വര്‍ക്കി മിഷന്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ഉച്ചയ്ക്ക് രണ്ടു മണിവരെ മേവെള്ളൂരില്‍ മകള്‍ സുലേഖയുടെ വീട്ടിലും മൂന്ന് മുതല്‍ നാല് വരെ കോട്ടയത്ത് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും. മുന്‍ മന്ത്രി ബിനോയ് വിശ്വം മരുമകനാണ്.
തിരുവിതാംകൂറില്‍ ദിവാന്‍ ഭരണത്തിനെതിരെ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായിരുന്നു മേരി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ രഹസ്യ സന്ദേശവാഹകയായും പ്രവര്‍ത്തിച്ചു. ഒളിവ് ജീവിതത്തിനിടെ കണ്ടുമുട്ടിയ സിഎസ് ജോര്‍ജ് മേരിയെ ജീവിതസഖിയാക്കി.
1949 ജൂലായ് ഒന്നിന് തിരു-കൊച്ചി സംയോജനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭത്തിലും സജീവ പങ്ക് വഹിച്ചു. തുടര്‍ന്ന് അതിക്രൂരമായ മര്‍ദനങ്ങളാണ് ഏറ്റു വാങ്ങേണ്ടി വന്നത്. കെആര്‍ ഗൗരിയമ്മ, ടിവി തോമസ് തുടങ്ങിയവര്‍ക്കൊപ്പം ജയില്‍വാസം.
1954 ല്‍ മേരിയും കുടുംബവും മലബാറിലേക്ക് കുടിയേറി. മണ്ണാര്‍കാടിനടുത്ത് കോട്ടോപ്പാടത്തായിരുന്നു താമസം. അവിടെ അധ്യാപികയായി. അലനല്ലൂര്‍ സ്‌കൂളില്‍ അധ്യാപകയായിരിക്കെ 1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രതിനിധിയായി.
മക്കള്‍: ഗിരിജ, ഷൈല, ഐഷ, സുലേഖ. മരുമക്കള്‍: ജസ്റ്റിസ് കെ ബാലകൃഷ്ണന്‍, സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം, എ.വി. രാജന്‍ (ടെക്‌സ്ൈറ്റല്‍ കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍), ബാബു പോള്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍).