തുമ്പി എബ്രഹാം|
Last Modified ഞായര്‍, 6 ഒക്‌ടോബര്‍ 2019 (11:58 IST)
കൂടത്തായി കൊലപാതക പരമ്പരയ്ക്ക് കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് അന്വേഷണസംഘം. ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ടെന്ന ജോളിയുടെ മൊഴിയുടെ പിന്നാലെ ടോം തോമസിന്‍റെ പൊന്നാമറ്റം വീട് പൊലീസ് പൂട്ടി സീൽ ചെയ്തു. ടോം തോമസിന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടക്കുകയാണ്.
കൊലപാതകങ്ങളുടെ കൂടുതൽ തെളിവ് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. കൂടത്തായി അങ്ങാടിയ്ക്ക് സമീപം ഓമശേരി റോഡിന് അരുകിലാണ് പൊന്നാമറ്റം വീട്. വീട്ടിൽ നിന്നും ഷാജു ചില സാധനങ്ങൾ എടുത്തുകൊണ്ടുപോയതായി ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇത് അന്വേഷണ സംഘത്തിന്‍റെ അനുമതിയോടെയാണെന്നാണ് വിശദീകരണം.
കൊലപാതകത്തിനായി സയനൈഡ് മാത്രമല്ല മറ്റ് വിഷവസ്തുക്കളും ഉപയോഗിച്ചെന്ന ജോളിയുടെ മൊഴിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിഷ വസ്തു എന്താണെന്ന് ജോളി വ്യക്തമാക്കിയിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.
തന്നെ സഹായിച്ച ബന്ധുക്കള്‍ ആരൊക്കെയാണെന്ന് ഓര്‍മ്മിക്കാനാവുന്നില്ലെന്നാണ് ജോളി പറഞ്ഞിരിക്കുന്നത്. തുടര്‍ ചോദ്യം ചെയ്യലില്‍ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ.
കോഴിക്കോട് കൂടത്തായിയിൽ വർഷങ്ങളുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയായ ജോളിയെ ഇപ്പോൾ പിടികൂടിയത് നന്നായെന്ന് വടകര റൂറൽ എസ്.പി കെ.ജി സൈമൺ. എല്ലാ കൊലപാതകങ്ങളുടെയും കാരണം സ്വത്ത് മാത്രമല്ല. ഒരുപക്ഷേ ജോളി കൂടുതൽ പേരെ കൊല്ലാൻ സാധ്യതയുണ്ടായിരുന്നു. ആദ്യ ഭർത്താവ് റോയിയുടെ കൊലപാതക കേസിലാണ് ജോളിയുടെ അറസ്റ്റ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു മരണങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.