രേഷ്മയ്ക്ക് ഇപ്പോഴും അറിയില്ല 'അനന്ദു' ഫെയ്ക് ആണെന്ന്; അറസ്റ്റിന്റെ തലേദിവസം വരെ ചാറ്റ് ചെയ്തു

രേണുക വേണു| Last Modified തിങ്കള്‍, 5 ജൂലൈ 2021 (14:59 IST)

അനന്തു എന്ന തന്റെ ഫെയ്‌സ്ബുക്ക് കാമുകന്‍, ബന്ധുക്കളായ യുവതികള്‍ തന്നെയായിരുന്നെന്ന വിവരം രേഷ്മ ഇപ്പോഴും അറിഞ്ഞിട്ടില്ല. നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില്‍ രേഷ്മ ഇപ്പോള്‍ റിമാന്‍ഡിലാണ്. കോവിഡ് പോസിറ്റീവായ രേഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ കോവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. കര്‍ശന പ്രവേശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തന്റെ കാമുകന്‍ 'ഫെയ്ക്' ആണെന്ന വിവരം ഇതുവരെ അറിഞ്ഞുകാണില്ല എന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലാകുന്നതിന്റെ തലേദിവസം വരെ രേഷ്മ 'അനന്തു' എന്ന പേരിലുള്ള തന്റെ ഫെയ്ക് കാമുകനോട് ചാറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തി.


രേഷ്മ എന്ന യുവതി ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ താന്‍ പ്രസവിച്ച കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചതായാണ് നേരത്തെ പൊലീസ് കണ്ടെത്തിയത്. ഈ കുട്ടി പിന്നീട് മരിക്കുകയും ചെയ്തു.

പഴുതടച്ച അന്വേഷണത്തിന് ഒടുവില്‍ അമ്മയായ രേഷ്മ തന്നെയാണ് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. രേഷ്മ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകന്റെ പേര് അനന്ദു എന്നാണ്. രേഷ്മ അനന്ദുവിനെ നേരിട്ട് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ആരാണ് അനന്ദു എന്ന് അറിയാന്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഒടുവില്‍ അന്വേഷണസംഘം അനന്ദുവിനെ കണ്ടെത്തി. രേഷ്മയുടെ സുഹൃത്തുക്കളായ ആര്യ, ഗ്രീഷ്മ എന്നീ യുവതികളാണ് അനന്ദു എന്ന വ്യാജ ഐ.ഡി. ഉപയോഗിച്ച് രേഷ്മയ്ക്ക് മെസേജ് അയച്ചിരുന്നത്. നവജാത ശിശു മരിച്ച കേസില്‍ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ആര്യയും ഗ്രീഷ്മയും ആത്മഹത്യ ചെയ്തു. ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് 'കാമുകന്റെ' കാര്യത്തില്‍ സ്ഥിരീകരണമായത്.

രേഷ്മയെ ഇത്തരത്തില്‍ ചാറ്റ് ചെയ്ത് കബളിപ്പിക്കുന്നതായി ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഫെയ്സ്ബുക്ക് കാമുകനെ തേടിയുള്ള
പൊലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കേസില്‍ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതി രേഷ്മ പറയുന്ന കാര്യങ്ങള്‍ പൊലീസിനെ കുഴപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ കുഞ്ഞു തടസ്സമാകുമെന്നു കണ്ടാണ് യുവതി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയതാണ്. അനന്ദു എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ട് വ്യാജമെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. രേഷ്മ കാമുകനെ നേരില്‍ കാണാന്‍ പലയിടത്തും പോയിട്ടുണ്ട്. എന്നാല്‍, ഒരിടത്ത് പോലും അനന്ദുവിനെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞരുന്നത്.

കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ രേഷ്മ (22) യാണ് ആറ് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ അറസ്റ്റിലായത്. ഉപേക്ഷിച്ചു മണിക്കൂറുകള്‍ക്കകം കുഞ്ഞു മരിച്ചു. പൊലീസിന്റെ അന്വേഷണമാണ് കേസിന്റെ ചുരുളഴിച്ചത്. രേഷ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

ബാങ്ക് ജീവനക്കാരനെന്നു പറയുന്ന കൊല്ലം സ്വദേശിയാണ് കാമുകനെന്ന് രേഷ്മ പറഞ്ഞിരുന്നു. വിഷ്ണു-രേഷ്മ ദമ്പതികള്‍ക്ക് മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുമുണ്ട്. രണ്ടാമതൊരു കുഞ്ഞു കൂടി ഉണ്ടെങ്കില്‍ രേഷ്മയെ ഭാര്യയായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് കാമുകന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചയുടന്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചത്. രേഷ്മ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ കാര്യം കാമുകനും അറിയില്ല. രേഷ്മയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഇക്കാര്യം അറിയില്ലെന്നാണ് പൊലീസ് പറയുന്നത്.

ജനുവരി നാലിന് രാത്രി ഒന്‍പത് മണിയോടെ വീടിനു പുറത്തുള്ള കുളിമുറിയില്‍ ആണ്‍കുട്ടിയെ പ്രസവിച്ച രേഷ്മ, പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാതെ കുളിമുറിക്കു സമീപത്തെ റബര്‍ തോട്ടത്തിലെ കരിയിലകള്‍ കൂട്ടിയിടുന്ന കുഴിയില്‍ കുട്ടിയെ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. പ്രസവിച്ച സ്ഥലം കഴുകി വൃത്തിയാക്കി ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു. രാവിലെ കരച്ചില്‍ കേട്ടെത്തിയ വിഷ്ണുവാണ് കരിയലക്കൂട്ടത്തില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. എന്നാല്‍, ഈ കുഞ്ഞ് തന്റേതാണെന്ന് വിഷ്ണുവിന് അറിയില്ലായിരുന്നു. സംഭവദിവസം പുലര്‍ച്ചെ പുറത്തു പൂച്ച കരയുന്ന പോലുള്ള ശബ്ദം കേട്ടിരുന്നുവെന്നു വിഷ്ണു നേരത്തേ പൊലീസിനു മൊഴി നല്‍കിയിരുന്നു.

ഗര്‍ഭിണിയാണെന്ന വിവരം സ്വന്തം ഭര്‍ത്താവിനെ പോലും അറിയിക്കാതെ രേഷ്മ രഹസ്യമായി കാത്തുസൂക്ഷിച്ചത് പൊലീസിന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. സിനിമാക്കഥകളെ വെല്ലുന്നതാണ് രേഷ്മ പറയുന്ന ഓരോ കാര്യങ്ങളും. ഭര്‍ത്താവിനോ മൂന്ന് വയസ് പ്രായമുള്ള മൂത്ത മകള്‍ക്കോ ഭര്‍തൃ വീട്ടിലെ ആളുകള്‍ക്കോ രേഷ്മ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നു. രേഷ്മ ഇതെല്ലാം പറയുമ്പോള്‍ അന്തംവിട്ടിരിക്കുകയാണ് പൊലീസ്. പത്ത് മാസം നിറവയര്‍ ആരും കാണാതെ കൊണ്ടുനടന്നത് എങ്ങനെയാണെന്നാണ് പൊലീസ് ചോദിക്കുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :