തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (20:16 IST)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിഎസ് അച്യുതാനന്ദനെതിരെ നടത്തുന്ന പ്രസ്‌താവനകള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദശാബ്ദങ്ങളുടെ സമരചരിത്രമുള്ള നേതാവായ വിഎസിനെപ്പറ്റി തരംതാണ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി മര്യാദയുടെ എല്ലാ സീമയും ലംഘിക്കുന്നതാണെന്നും കോടിയേരി പറഞ്ഞു.
ശ്രീനാരായണ ദർശനങ്ങളെ സംഘപരിവാർ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. തന്റെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താനാണ് വെള്ളാപ്പള്ളി ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സംസാരിക്കുന്ന പ്രതിപക്ഷ നേതാവിനെ ആക്രമിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ശ്രീനാരായണ ദർശനങ്ങൾക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനും അതിനെ എതിര്‍ക്കുകയുമാണ് വിഎസ് ചെയ്‌തത്. എസ്എൻഡിപിയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനുള്ള രാഷ്ട്രീയ അവകാശവും ചുമതലയും പ്രതിപക്ഷ നേതാവിനുണ്ട്. അത് ചെയ്യുമ്പോൾ വിഎസിനെതിരെ സമനില തെറ്റിയ നിലയിൽ ആക്രോശം നടത്തുന്നത് നന്നല്ലെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.