തിരുവനന്തപുരം|
സജിത്ത്|
Last Modified തിങ്കള്‍, 20 നവംബര്‍ 2017 (10:37 IST)
ബിജെപി സംസ്ഥാന നേതൃത്വത്തിനു നേരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ ദിവസം തലസ്ഥാനത്തുണ്ടായ ആക്രമണങ്ങൾ ആസൂത്രണം ചെയ്തത് ബിജെപിയാണെന്ന് കോടിയേരി ആരോപിച്ചു. ബിജെപിയും എസ്ഡിപിഐയുമാണ് സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരത്തുണ്ടായ അക്രമത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച പറ്റിയോ എന്നകാര്യം അന്വേഷിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു. തലസ്ഥാനത്തെ അക്രമം നേരിടുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപിച്ചിരുന്നു.
തലസ്ഥാനത്തു നടന്ന ആക്രമണത്തിനു പിന്നാലെ കണ്ണൂരും തിരുവല്ലയിലും ബിജെപി - സിപിഎം സംഘർഷമുണ്ടായിരുന്നു. കണ്ണൂർ അഴീക്കോട്ടുണ്ടായ അക്രമത്തിനിടെ ബിജെപി പ്രവർത്തകനായ വെള്ളക്കൽ സ്വദേശി നിഖിലിന് വെട്ടേറ്റിരുന്നു. തിരുവല്ലയിലുണ്ടായ ബിജെപി - സിപിഎം സംഘർഷത്തിനിടെ സിപിഎം പ്രവർത്തകൻ വെൺപാല സ്വദേശി ജോർജ് ജോസഫിനും വെട്ടേറ്റിരുന്നു.