കൊച്ചി|
Last Updated:
വ്യാഴം, 15 ഡിസംബര്‍ 2016 (14:34 IST)
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദര്‍ശനമായ കൊച്ചി ബിനാലെയുടെ മൂന്നാം ലക്കത്തില്‍ ആദ്യദിനം മുതല്‍ തന്നെ വന്‍ ജനത്തിരക്ക്. ആദ്യദിനത്തില്‍ മാത്രം ആയിരത്തി അഞ്ഞൂറോളം പേരാണ് ബിനാലെയുടെ വിവിധ വേദികളില്‍ പ്രദര്‍ശനം കാണാനെത്തിയത്. രണ്ടാംദിനമായ ഇന്നലെ(14-12-2016) ഉച്ചയോടെ എഴുന്നൂറോളം പേര്‍ പ്രദര്‍ശന വേദികളിലെത്തി. ഇതില്‍ പകുതിയിലേറെ വിദേശികളും സംസ്ഥാനത്തിന് വെളിയില്‍ നിന്നുള്ളവരുമാണ്.
പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍, നോര്‍വീജിയന്‍ അമ്പാസിഡര്‍ നില്‍സ് റാഗ്നര്‍ കാംസ്വാഗ്, സബ് കളക്ടര്‍ അഥീല അബ്ദുള്ള തുടങ്ങിയ പ്രമുഖര്‍ ബിനാലെ സന്ദര്‍ശിച്ചു.
ബിനാലെ കേവലം മൂന്നാം ലക്കത്തിലേക്ക് കടക്കുമ്പോള്‍ തന്നെ ആസ്വാദകര്‍ കൂട്ടമായി പ്രദര്‍ശനം കാണാനെത്തുന്ന കാഴ്ച ആഹ്ലാദകരമാണെന്ന് ഷാജി എന്‍ കരുണ്‍ പറഞ്ഞു. രണ്ട് വര്‍ഷത്തെ ഇടവേളയിലാണ് ബിനാലെ നടക്കുന്നത്. എന്നിട്ടും ജനങ്ങള്‍ ബിനാലെയോട് കാണിക്കുന്ന ആവേശം അത്ഭുതകരമാണ്. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ബിനാലെ സുപ്രധാന സ്ഥാനം നേടിക്കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശങ്ങളില്‍ കേരള ടൂറിസം അവതരിപ്പിച്ചിരുന്ന പരമ്പരാഗത മേഖലകള്‍ക്ക് പുറമെ മികച്ച പ്രമേയമായി കൊച്ചി ബിനാലെ മാറിയെന്ന് കേരള ടൂറിസം ഡയറക്ടര്‍ യു വി ജോസ് ഐ എ എസ് പറഞ്ഞു. നിലവാരമുള്ള വിദേശ സന്ദര്‍ശകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നു എന്നതും ബിനാലെ കാലത്തിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക പ്രദര്‍ശനം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ തന്നെ രാജ്യാന്തര തലത്തില്‍ കൊച്ചി ബിനാലെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് ബിനാലെയില്‍ എത്തുന്ന വിദേശ സന്ദര്‍ശകര്‍. പ്രാദേശികവാസികളായ കലാസ്വാദകരും നിരവധി വിദ്യാര്‍ത്ഥികളും ബിനാലെ പ്രദര്‍ശനത്തെ മികച്ച ആവേശത്തോടെയാണ് വീക്ഷിക്കുന്നത്.
രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ആര്‍ട്ട് വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന ദിവസം മുതല്‍ തന്നെ ബിനാലെ വേദികളെ സജീവമാക്കി. ജമ്മുകശ്മീരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ബിനാലെയുടെ പ്രദര്‍ശന വൈവിദ്ധ്യം ആസ്വദിക്കാനെത്തിയിട്ടുണ്ട്. കനത്ത മഴയുണ്ടായിരുന്ന ചൊവ്വാഴ്ച പോലും ടിക്കറ്റ് കൗണ്ടറില്‍ നീണ്ട നിര കാണാമായിരുന്നു.
സമകാലീന കലയെ അക്കാദമികമായി സമീപിക്കുന്നവരും ബിനാലെയുടെ ആദ്യ ദിനങ്ങളെ സമ്പന്നമാക്കി. അമര്‍ കണ്‍വര്‍, ഗാരി ഹില്‍ എന്നിവരുടെ ലെറ്റ്‌സ് ടോക്ക് സംഭാഷണങ്ങള്‍ക്ക് പവലിയന്‍ നിറഞ്ഞ് കേള്‍വിക്കാരുണ്ടായിരുന്നു. ചോദ്യോത്തരവേളയിലും കലയുടെ വിവിധ വശങ്ങളെക്കുറിച്ച് മികച്ച ചര്‍ച്ചയാണ് ഈ വേദികളില്‍ നടന്നത്.