കോഴിക്കോട്|
സജിത്ത്|
Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (17:45 IST)
കേരളത്തിൽ ബി ജെ പിയുടെ ഭാവി പ്രവചനാതീതമാണ്. പടിപടിയായുള്ള ഒരു വളർച്ച ബിജെപിക്ക് കേരളത്തില്‍ സാധ്യമാകുമോ ? എന്തായായും കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച ഒരു അത്ഭുതമായിരിക്കാനാണ് സാധ്യത.
ഇടതും വലതും മുന്നണികൾ മാറി മാറി ഭരിച്ചു മടുത്ത സംസ്ഥാനമാണ് കേരളം. ഇവിടേയും ഒരു മാറ്റം വരണമെന്നാണ് ഓരോ ബിജെപി പ്രവര്‍ത്തകനും ആഗ്രഹിക്കുന്നത്. പക്ഷേ എങ്ങിനെയാണ് അതു സാധ്യമാകുകയെന്ന കാര്യത്തില്‍ അവര്‍ക്കുതന്നെ സംശയമാണുള്ളത്. ബി ജെ പി ഒരു മുസ്ലീം വിരുദ്ധപാർട്ടിയോ വർഗ്ഗീയപാർട്ടിയോ അല്ലെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരും പറയുന്നത്. എത്രയോ നൂറ്റാണ്ടുകളായി നമ്മൾ സഹിഷ്ണുതയോടെയാണ് ജീവിയ്ക്കുന്നതെന്നും ബി ജെ പി ഭരണത്തിലേറിയാൽ അതിനുകോട്ടം തട്ടുകയില്ലെന്നുമാണ് അവര്‍ പറയുന്നത്.
കേരളത്തില്‍ ബി ജെ പി യുടെ ശക്തമായ മുന്നേറ്റം ശരി വെക്കുന്നതായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം. കേരള ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന വിജയമാണ് ബി ജെ പി ആ തെരഞ്ഞെടുപ്പില്‍ നേടിയത്. കൂടാതെ സംസ്ഥാനത്തുടനീളം സാന്നിധ്യം അറിയിക്കാനും ബി ജെ പിയ്ക്ക് സാധിച്ചു. ബി ജെ പിയുടെ ഈ കടന്നുകയറ്റത്തില്‍ ഏറ്റവും വലിയ നഷ്ടം വരാനിരിക്കുന്നത് കോണ്‍ഗ്രെസ്സിനാണെന്ന വ്യക്തമായ സൂചനകൂടിയാണ് ആ ഫലം നല്‍കിയത്. ഭരണസിരാകേന്ദ്രം കൂടിയായ തിരുവനന്തപുരം കോര്‍പറേഷനിലേയും പാലക്കാട് മുനിസിപ്പാലിറ്റിയിലേയുമെല്ലാം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തെ കാവിയണിയിക്കാനുള്ള ഒരു പടികൂടിയാണ് ബി ജെ പി രൂപവത്‌കരിച്ചശേഷം നാലാംതവണയും ഇവിടം ദേശീയസമ്മേളനവേദിയാക്കുന്നത്.
രണ്ടുമുന്നണികളിൽ ചുറ്റിത്തിരിഞ്ഞ കേരളരാഷ്ട്രീയത്തെ മൂന്നായി തിരിക്കുക എന്നതു തന്നെയാണ് കോഴിക്കോട് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. അതുകൊണ്ട് തന്നെ ആൾബലം കൂടുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പേരിന് ചില വിജയങ്ങള്‍ മാത്രമായി ഒറ്റപ്പെട്ടുനിൽക്കുകയും ചെയ്യുന്ന ഈ പാർട്ടിയെ കേരളത്തിൽ വിജയിക്കുന്ന ഒരു പാർട്ടിയാക്കുക എന്നതാണ് പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ മുന്നിലുള്ള പ്രധാന ദൌത്യം. അരുണാചല്‍ മോഡലില്‍ കേരളത്തിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായിരിക്കും ബിജെപി പ്രധാനമായും ശ്രമിക്കുക.
മറ്റു പാര്‍ട്ടികളില്‍ ജനസമ്മതിയുള്ള നേതാക്കളെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാനും ബിജെപി നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന.
കേരളത്തില്‍ കോഴിക്കോട് കൊച്ചി തിരുവനന്തപുരം എന്നീ ജില്ലകളെ ആര്‍എസ്എസ് രീതിയില്‍ ഗ്രാമജില്ല, നഗരജില്ല എന്നിങ്ങനെ വിഭജിച്ച് പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താനും നേതൃത്വം ഉദ്ദേശിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ അക്രമരാഷ്ട്രീയത്തിന്റെ പേരിൽ സി പി എമ്മിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമങ്ങളും വരും ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനത്തിലുണ്ടാകും. ഇത്തരമൊരു ശ്രമത്തിലൂടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന ദേശീയമാധ്യമങ്ങളുടെയും പ്രതിനിധികളുടെയും ശ്രദ്ധയിൽ സി പി എം
അക്രമത്തെ കൊണ്ടുവരാമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്.
കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളെ അടര്‍ത്തിയെടുത്തായിരുന്നു അരുണാചല്‍ പ്രദേശില്‍ ബിജെപി പാര്‍ട്ടിയെ ശക്തിപ്പടുത്തിയത്. അതേ തന്ത്രം തന്നെയായിരിക്കും കേരളത്തില്‍ നടപ്പാക്കുകയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. അങ്ങിനെയാണെങ്കില്‍ യു ഡി എഫ് വിട്ട് സ്വന്തം ബ്ലോക്കായി പോയ കേരള കോണ്‍ഗ്രസ്(എം) ആയിരിക്കും പാര്‍ട്ടി ആദ്യം ലക്ഷ്യം വക്കുക. കേരള കോണ്‍ഗ്രസിനെ എന്‍ ഡി എ പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് എന്‍ ഡി എ ഘടകകക്ഷികളുമായി അമിത് ഷാ ചര്‍ച്ച നടത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. കൂടാതെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വന്‍ നേട്ടമുണ്ടാക്കണം എന്ന മുന്നറിയിപ്പും അമിത് ഷാ സംസ്ഥാനനേതൃത്വത്തിന് നൽകിയിട്ടുണ്ടെന്നാണ് സൂചന.
സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോടെത്തും. കൂടാതെ ബി ജെ പിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി തുടങ്ങിയ പ്രമുഖ നേതാക്കളും സമ്മേളന നഗരിയില്‍ നാളെ എത്തിച്ചേരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. എന്തുതന്നെയായാലും കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ ഇനിയും കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്ന കാലം അതിവിദൂരമല്ല. കേരളത്തിന്‍റെ രാഷ്ട്രീയകാലാവസ്ഥയില്‍ എല്‍ ഡി എഫിനെ തകര്‍ക്കാന്‍ എടുക്കുന്ന അത്രതന്നെ സമയം കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ആവശ്യമായി വരില്ലയെന്നതും ബി ജെ പിക്ക് പ്രതീക്ഷനല്‍കുന്നുണ്ട്.