രേണുക വേണു|
Last Modified വ്യാഴം, 1 ജൂലൈ 2021 (09:11 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച കൊച്ചി മെട്രോ സര്‍വീസ് പുനഃരാരംഭിച്ചു. 53 ദിവസത്തെ അടച്ചിടലിനു ശേഷമാണ് കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മെട്രോ സര്‍വീസ്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വീസ് ലഭ്യമാകുക. തിരക്കുള്ള സമയങ്ങളില്‍ 10 മിനിറ്റ് ഇടവേളയില്‍ ട്രെയിനുണ്ടാകും. തിരക്കില്ലാത്ത സമയങ്ങളില്‍ ഇടവേള 15 മിനിറ്റായിരിക്കും.
എല്ലാ സ്റ്റേഷനുകളിലും തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഷനിലേക്കു കടക്കുന്നതിനു മുന്‍പു യാത്രക്കാരുടെ താപനില പരിശോധിക്കും. പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറകളുമുണ്ടാകും. ഒരു സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുന്ന സമയം 20 സെക്കന്‍ഡില്‍ നിന്ന് 25 സെക്കന്‍ഡ് ആക്കി ഉയര്‍ത്തിയിട്ടുണ്ട്. യാത്രക്കാര്‍ ലഗേജിന്റെ വലിപ്പം കഴിവതും കുറയ്ക്കണം. യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. യാത്രയ്ക്കായി കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറയ്ക്കാനാണ് ഇത്.