കൊച്ചി|
jibin|
Last Modified ബുധന്‍, 14 ജൂണ്‍ 2017 (17:55 IST)
കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽനിന്ന് മെട്രോമാൻ ഇ ശ്രീധരനെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി
പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇ ശ്രീധരനെ വേദിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
ഇ ശ്രീധരനെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംഎല്‍എ പിടി തോമസ് എന്നിവരെകൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന ഗവണ്‍മെന്‍റ് പ്രധാനമന്ത്രിയുടെ ഓഫീസിനോട് അഭ്യര്‍ത്ഥിച്ചു.
ഉദ്ഘാടനവേദിയിൽനിന്ന് ഇ ശ്രീധരനെ ഒഴിവാക്കിയത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചത്.
പതിമൂന്ന് പേരുടെ പട്ടികയാണ് വേദിയിലിരിക്കുന്നതിനായി കെഎംആര്‍എല്‍ തയ്യാറാക്കി പിഎംഒയ്ക്ക് അയച്ചത്. എന്നാല്‍ ഇത് വെട്ടിത്തിരുത്തി ഏഴ് പേര്‍ മാത്രം ഉള്‍പ്പെടുന്ന ലിസ്റ്റ് അവര്‍ മടക്കി അയയ്ക്കുകയായിരുന്നു.
കൊച്ചി മെട്രോ സഫലമായതിന് പിന്നില്‍ ശ്രീധരന്റെ അതുല്യമായ പങ്ക് വിസ്മരിച്ചാണ് ഈ ചടങ്ങില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്. ഈമാസം പതിനേഴിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങ്.