സപ്ളൈകോയുടെ എട്ട് ഉല്‍പ്പന്നങ്ങള്‍ കൂടി വിപണിയില്‍

 കൊച്ചി , സപ്ളൈകോ , അനൂപ് ജേക്കബ് ,
കൊച്ചി| jibin| Last Modified ഞായര്‍, 8 ജൂണ്‍ 2014 (13:41 IST)
സപ്ളൈകോയുടെ തനത് ബ്രന്ഡായ ,ശബരി എട്ട് ഉല്‍പ്പന്നങ്ങള്‍ കൂടി പുതുതായി വിപണിയില്‍ ഇറക്കി. സപ്ളൈകോ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആണ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയത്. ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍.എ അദ്ധ്യക്ഷനായിരുന്നു.

അപ്പം പൊടി, പുട്ടുപൊടി, ചിക്കന്‍ മസാല, സാമ്പാര്‍ പൊടി, ഫിഷ് മസാല, മീറ്റ് മസാല. രസം പൊടി, കുപ്പിവെള്ളം എന്നിവയാണ് പുതിയതായി സപ്ളൈകോ വിപണിയിലെത്തിച്ച ഉല്‍പ്പന്നങ്ങള്‍. ശബരിയുടെ ചായപ്പൊടി. കാപ്പിപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്പ്പൊടി, ഉപ്പ് എന്നിവ കെട്ടിലും മട്ടിലും മാറ്റം വരുത്തി പുതിയ രൂപത്തിലാകും ഇനി വിപണിയിലെത്തുക. 20 ഇനങ്ങളിലായി 40 ഉല്പ്പന്നങ്ങളാണ് ശബരി ബ്രാന്റ് പേരില്‍ സപ്ലൈകോ പുറത്തിറക്കുക.

ശബരിയുടെ മറ്റ് ഉല്‍പ്പന്നങ്ങളെപ്പോലെ തന്നെ പുതിയവയും മികച്ച ഗുണനിലവാര പരിശോധന ഉറപ്പുവരുത്തിയശേഷമാകും വിപണിയില്‍ എത്തിക്കുക. മികച്ച ഗുണനിലവാര പരിശോധന കേന്ദ്രങ്ങളിലാണ് ഇവയുടെ പരിശോധന നടത്തുന്നത്. അതത് ഉല്പ്പാദന യൂണിറ്റുകളില്‍ തന്നെ ഗുണനിലവാര പരിശോധന സെല്ലുകള് സജ്ജമാക്കിയിട്ടുണ്ട്. ഐഎസ്ഒ 22000 അംഗീകാരമുള്ള ഉല്പാദന യൂണിറ്റുകളിലാണ് ഇവയെല്ലാം ഉല്‍പ്പാദിപ്പിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ മുന്‍നിര ബ്രാന്ഡായ ശബരിയുടെ ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയില്‍ മുന്നില്‍ നില്ക്കുമ്പോഴും അവയുടെ വിപണിവില മറ്റുള്ളവയെ അപേക്ഷിച്ച് കുറവാണ് എന്നതാണ് ഏറെ ശ്രദ്ധേയം.

1984 ലാണ് ശബരി ബ്രാന്ഡ് ആദ്യ ഉല്‍പ്പന്നമായ തേയില പുറത്തിറക്കിയത്, തൊണ്ണൂറുകളില്‍ ശബരി ഉപ്പും കറി പൗഡറുകളും വിപണി കീഴടക്കി. 2005 ന് ശേഷം ശബരി ബ്രാന്ഡ് സജീവമായി വിപണിയില്‍ ഇടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാലയളവിലാണ് വെളിച്ചെണ്ണ, പാമോയില്‍, കായം, പുളി എന്നീ ഉല്‍പ്പന്നങ്ങള്‍ ഇറക്കിയത് സപ്ളൈകോ വില്‍പ്പനകേന്ദ്രങ്ങള്‍ക്കു പുറമേ സ്വകാര്യ വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയും ശബരി ഉല്‍പ്പനങ്ങള്‍ വില്‍പ്പന നടത്താനുള്ള നടപടികള്‍ പൂര്ത്തിയായി വരികയാണ് എന്ന് മന്ത്രി പറഞ്ഞു. .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :