കുട്ടികളെ കടത്തിയ സംഭവം: നടപടികളിൽ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി| jibin| Last Modified വ്യാഴം, 5 ജൂണ്‍ 2014 (14:05 IST)
കുട്ടികളെ കേരളത്തിലേക്ക് കടത്തിയ സംഭവത്തിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ ഹൈക്കോടതിക്ക്
അതൃപ്തി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികൾ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

കേസിൽ ജാർഖണ്ഡ്,​ ബംഗാൾ സർക്കാരുകളെ കേസിൽ കക്ഷി ചേർക്കാനും കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂർ അദ്ധ്യക്ഷയായ ബെഞ്ചാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടത്.

അന്യസംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ കടത്തിയ സംഭവം ആശങ്കയും അത്യന്തം ഞെട്ടൽ ഉളവാക്കുന്നതുമാണ്. ഇക്കാര്യത്തിൽ കോടതിക്ക് കൈയും കെട്ടി നോക്കിയിരിക്കാൻ കഴിയില്ലെന്നും ബാലവേലയ്ക്കല്ല കുട്ടികളെ കൊണ്ടുവന്നത് എന്ന് സർക്കാരിന് ഉറപ്പിക്കാനാവുമോയെന്നും ചേദിച്ചു. മാതാപിതാക്കൾ അറിയാതെ അ‌ഞ്ചു വയസിന് താഴെയുള്ള കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് എങ്ങനെയാണെന്നും കോടതി ചേദിച്ചു.

ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരെ
വെറുതെ വിടാൻ പോകുന്നില്ല. ഇത് സര്‍ക്കാരിന് നാണക്കേടാണ് കേസിൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കാനല്ല സർക്കാർ ശ്രമിക്കേണ്ടത്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ശിക്ഷ വാങ്ങി നൽകുകയുമാണ് വേണ്ടതെന്നും കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :