കോട്ടയം|
jibin|
Last Modified ശനി, 13 ഓഗസ്റ്റ് 2016 (14:17 IST)
കേരളാ കോൺഗ്രസിന് (എം) ആരോടും വിരോധമില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി. പാര്‍ട്ടിക്ക് എല്ലാവരോടും സൗമ്യവും സമഭാവനയുമാണ് ഉള്ളത്. എവിടെ നൻമയുണ്ടോ അവിടെ തങ്ങളുണ്ടെന്നും എടുത്ത നിലപാട് ശരിയാണെന്ന് തന്നെയാണ് വിശ്വാസമെന്നും മാണി കൂട്ടിച്ചേർത്തു.
പ്രശ്നാധിഷ്ഠിത രാഷ്ട്രീയ നിലപാടാണ് തങ്ങളുടേത്. ചിന്തിക്കുന്നവര്‍ക്ക് തങ്ങളുടെ നിലപാട് ശരിയാണെന്ന് തോന്നും. എല്ലാവര്‍ക്കും സ്‌നേഹമാണ് ഞങ്ങളോട്. ആര്‍ക്കും വിരോധമില്ല. നല്ലൊരു തീരുമാനമാണ് പാര്‍ട്ടി ഇപ്പോള്‍ എടുത്തിരിക്കുന്നതെന്നും മാണി വ്യക്തമാക്കി.
കേരള കോൺഗ്രസിനെ എൽഡിഎഫിലേക്ക്പരോക്ഷമായി ക്ഷണിച്ച് ദേശാഭിമാനിയിൽ വന്ന മുഖപ്രസംഗത്തെ തള്ളാതെ ആയിരുന്നു മാണിയുടെ പ്രസ്‌താവന. യുഡിഎഫ് ബന്ധം മുറിച്ച ശേഷം കേരളാ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി യോഗം കോട്ടയത്ത് ഞായറാഴ്ച ചേരാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യുഡിഎഫ് വിട്ടു വരുന്നവരുമായി പ്രശ്നാധിഷ്ഠിതമായി സഹകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
അതേസമയം, യുഡിഎഫ് ബന്ധം അവസാനിപ്പിച്ച കേരളാ കോണ്‍ഗ്രസിനെ (എം) ക്ഷണിച്ച് മുന്നണികള്‍ രംഗത്ത് എത്തിയതോടെ നയം വ്യക്തമാക്കി ജോസ് കെ മാണി രംഗത്ത് എത്തി. കേരളാ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ നിഗൂഢ ലക്ഷ്യത്തോടെയുള്ളതാണ്. എന്‍ഡിഎയുമായുള്ള സഖ്യം അജണ്ടയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.