വടകര|
aparna shaji|
Last Modified ശനി, 13 ഓഗസ്റ്റ് 2016 (07:17 IST)
നാദാപുരം തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട ലീഗ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. മുഹമ്മദ് അസ്ലാമാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് അസ്ലാമിന് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ അസ്ലാമിനെ കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കക്കംവെള്ളിയില്‍ വെച്ച് ബൈക്കില്‍ പോവുകയായിരുന്ന അസ്ലമിനെ പുറകേയെത്തിയ സംഘമാണ് വെട്ടിയത്. കൈക്കും മുഖത്തും പരിക്കേറ്റ അസ്ലമിനെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെയായിരുന്നു മരണം. മൃതദ്ദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് സംസ്‌കരിക്കും.
അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന്
വടകര താലൂക്കില്‍ യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വധത്തിന് പിന്നില്‍ സി പി ഐ എം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. ഷിബിന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടാലും, തങ്ങള്‍ വെറുതേ വിടില്ലെന്ന് സി പി ഐ എം നേതാക്കള്‍ പരസ്യമായ ഭീഷണി മുഴക്കിയിരുന്നുവെന്നും ലീഗ് ആരോപിച്ചിട്ടുണ്ട്.
തൂണേരി ഷിബിന്‍ വധക്കേസിവലെ മൂന്നാം പ്രതിയായിരുന്നു മുഹമ്മദ് അസ്ലം. കേസില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 17 പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.