തിരുവനന്തപുരം/കോട്ടയം|
jibin|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (16:43 IST)
നരേന്ദ്ര മോദിയുടെ പ്രഭാവത്തില്‍ ബിജെപി ദേശീയ തലത്തില്‍ ശക്തരായപ്പോള്‍ തരിപ്പണമായി പോയ കോണ്‍ഗ്രസിന് ആകെയുണ്ടായിരുന്ന പ്രതീക്ഷയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍. ഭരണത്തുടര്‍ച്ചയെന്ന പ്രതീക്ഷകളെ എല്‍ഡിഎഫ് കടപുഴക്കിയപ്പോള്‍ കോണ്‍ഗ്രസ് ഇല്ലാതായി തീരുകയായിരുന്നു. എന്നിട്ടും കേരളത്തില്‍ സോണിയ ഗാന്ധിയും കൂട്ടരും കേരളത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു. ശക്തമായ ഘടകക്ഷികള്‍ കൂടെയുള്ളതായിരുന്നു കോണ്‍ഗ്രസിന്റെ ശക്തി. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കേരളാ കോണ്‍ഗ്രസ് (എം) ബന്ധം അവസാനിപ്പിച്ചത് കോണ്‍ഗ്രസിനെ വല്ലാതെ ക്ഷീണിപ്പിക്കുന്നുണ്ട്.
ശക്തമായ അടിത്തറയും ആറ് എംഎല്‍എമാരുമുള്ള കേരളാ കോണ്‍ഗ്രസ് (എം) ബന്ധം അവസാനിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ ദുര്‍ബലമാക്കുമെന്ന് വ്യക്തം. വരും നാളുകളില്‍ കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ദുര്‍ബലമാക്കുന്ന കൂടുതല്‍ നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വീരേന്ദ്ര കുമാറിന്റെ ജനതാദളും അസംതൃപ്‌തരായ ആര്‍ എസ് പിയും മാണിയുടെ പാത പിന്തുടരുമോ എന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷത്തേക്ക് വീരേന്ദ്രകുമാറിനും സംഘത്തിനും ക്ഷണമുണ്ടായിരുന്നുവെങ്കിലും അവര്‍ മുന്നണി മാറ്റത്തിന് തയാറായില്ല. തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് ശേഷം ജനതാദള്ളിന് വലിയ പ്രസക്‍തിയൊന്നുമില്ല. ലോക്‍സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് വീരേന്ദ്രകുമാറിനെ കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നു നില്‍ക്കുന്നതിനിടെയാണ് നിയമസഭ തെരഞ്ഞെടുപ്പുകളിലും തോല്‍വികള്‍ പിന്തുടര്‍ന്നത്. ഈ പരാജയങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കുന്നില്ല എന്ന പരാതിയും ജെ ഡി യുവിനുണ്ട്. ഇതിനിടെയാണ് മാണി യുഡിഎഫ് വിട്ടത്.
ആര്‍എസ്പിയെ ഉടനൊന്നും കൂടെ നിര്‍ത്താന്‍ ഇടതുപക്ഷം തയാറാകില്ല. സീറ്റ് ലഭിക്കാത്തതിന് മറുകണ്ടം ചാടിയ ആര്‍ എസ് പിയെ പാളയത്തില്‍ എത്തിക്കേണ്ടതില്ലെന്നും അവര്‍ ഇല്ലെങ്കിലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നുമാണ് സി പി എം ഉറച്ചു വിശ്വസിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചതിച്ചുവെന്ന ഉറച്ച വിശ്വാസത്തിലാണ് കേരളാ കോണ്‍ഗ്രസ് ജേക്കവ് വിഭാഗം ഇപ്പോഴുമുള്ളത്.
എന്നാല്‍ അതിശക്തമായ നീക്കങ്ങളാകും ശക്തനായ കെ എം മാണി നടത്തുക. ദേശീയ തലത്തില്‍ തിരിച്ചടികള്‍ നേരിടുന്ന കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ കാര്യമില്ല എന്നാണ് മാണി ഉറച്ചു വിശ്വസിക്കുന്നത്. ഈ സാഹചര്യത്തില്‍ എല്‍ ഡി എഫ് ആണ് മാണി ലക്ഷ്യംവയ്‌ക്കുന്നത്. ബാര്‍ കോഴ അടക്കമുള്ള ആരോപണങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്നും തുടര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് എല്‍ഡിഎഫ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും ആ സമയം ഇടതില്‍ കയറിപ്പറ്റാമെന്നുമാണ് കേരളാ കോണ്‍ഗ്രസ് (എം) കരുതുന്നത്.
കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് മാണിയും സംഘവും പുറത്തുവന്നാല്‍ അവരുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. മാണിയെ സമ്മര്‍ദ്ദത്തിലാക്കുന്നതോ പ്രതിസന്ധിയിലാക്കുന്നതോ ആയ യാതൊരു പ്രസ്‌താവനയും പാടില്ല എന്നാണ് അമിത് ഷാ സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന ഉപദേശം.
ബിജെപിയിലേക്ക് ഉടന്‍ പോകാനുള്ള സാഹചര്യം നിലവിലില്ല. ജോസ് കെ മാണിക്ക് മന്ത്രി പദം അടക്കമുള്ള മോഹവാഗ്ദാനങ്ങള്‍ ബിജെപി നല്‍കുന്നുണ്ടെങ്കിലും തനിക്ക് മാത്രമായി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് മാണിക്ക് ബോധ്യമുണ്ട്. ജോസ് കെ മാണിക്ക് പദവികള്‍ ലഭിച്ചാലും പിജെ ജോസഫ് അടക്കമുള്ളവരുടെ എതിര്‍പ്പ് നേരിടേണ്ടിവരും. ഇതിനാല്‍ നിലവിലുള്ള ആറ് എല്‍എല്‍എമാരുടെയും പിന്തുണ അത്യാവശ്യമാണ്. ജോസഫും മോന്‍സ് ജോസഫും ജയരാജും സിഎഫ് തോമസും റോഷി അഗസ്‌റ്റിനും ബിജെപി ബന്ധത്തെ എതിര്‍ക്കുകയാണ്.
മകനുവേണ്ടി ഇവരെ പിണക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന തോന്നലും മാണിക്കുണ്ട്. ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കുന്നതിനൊപ്പം മാണിക്ക് മുന്തിയ പരിഗനയും സ്ഥാനമാനവും അമിത് ഷാ വാഗ്ദാനം ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ബിജെപിയിലേക്ക് പോയാല്‍ പാര്‍ട്ടിയുടെ അടിത്തറ തകരുമെന്നും പരമ്പരാകമായി ലഭിക്കുന്ന വോട്ടുകള്‍ സിപിഎമ്മിലേക്ക് പോകുമെന്നുമെന്നും മാണി ഭയക്കുന്നുണ്ട്. അതിനൊപ്പം സഭയില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടിവരും.
ഇതിനാല്‍ ജോസഫിനെ കൂടെ നിര്‍ത്തി മറ്റ് നേതാക്കളെ വശത്താക്കുക എന്ന തന്ത്രമാണ് മാണി ആവിഷ്‌കരിക്കുക.
അതേസമയം, അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാണിയെ സഖ്യക്ഷിയാക്കാനാണ് ബിജെപിയുടെ ശ്രമം. ഉടന്‍ ഇല്ലെങ്കിലും മാണി പതിയെ തങ്ങളുടെ വഴിയെ എത്തുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.