തിരുവനന്തപുരം|
aparna shaji|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (12:59 IST)
മതിയായ കാരണങ്ങൾ പറയാതെയാണ് കെ എം മാണി കോൺഗ്രസ് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കാമായിരുന്നു. കേരള കോൺഗ്രസ് എം എടുത്ത തീരുമാനം ജനങ്ങളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. കേരള കോൺഗ്രസ് യു ഡി എഫ് വിടുന്നതുമായി ബന്ധപ്പെട്ട് കെ എം മാണി ഉന്നയിച്ച കാര്യങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയമായി യു ഡി എഫ് ഒരു വെല്ലുവിളി നേരിടുന്ന കാലമാണിത്. ഈ സാഹചര്യത്തിൽ ജനവിരുദ്ധ സർക്കാരിന്റെ നടപടികൾക്കെതിരെ ഒറ്റക്കെട്ടായി യു ഡി എഫ് പോരാടുകയാണ് വേണ്ടത്. എന്നാൽ ഇതിനു പകരം കേരള കോൺഗ്രസ് സ്വീകരിച്ച നടപടി ശരിയല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. കാരണങ്ങളും ചർച്ചകളും ഇല്ലാതെ ഘടകം മുന്നണി വിട്ട് പോയത് ശരിയായില്ല. എന്തു കാരണം കൊണ്ടാണ് കേരള കോൺഗ്രസ് 34 വർഷത്തെ മുന്നണി ബന്ധം ഇട്ടെറിഞ്ഞിട്ട് പോയത്. ഇതിന്റെ വിശദീകരണം കേരള ജനതയെ ബോധ്യപ്പെടുത്തുന്നതിൽ മാണി ബാധ്യസ്ഥനാണ്.
കോൺഗ്രസ് നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ദുരുദ്ദേശ്യമുണ്ട്. ജയത്തിലും പരാജയത്തിലും ഒറ്റക്കെട്ടായി മുന്നോട്ട് നിൽക്കുകയാണ് ചെയ്യേണ്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബജറ്റ് അവതരണത്തിനിടെ അന്നത്തെ പ്രതിപക്ഷ എം എൽ എമാർ മാണിക്കെതിരെ വന്നപ്പോൾ കോൺഗ്രസ് എം എൽ എമാർ നെഞ്ചു കൊടുത്താണ് അദ്ദേഹത്തിന് ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം നൽകിയത്. കേരള കോൺഗ്രസിനോട് നല്ല സമീപനം മാത്രമാണ് പുലർത്തിയത്. ഘടകത്തിനുംഅംഗങ്ങൾക്കും നൽകേണ്ട പ്രാധാന്യം നൽകിയിട്ടുമുണ്ട്. എല്ലാ കക്ഷികളെയും വലുപ്പ ചെറുപ്പമില്ലാതെ ഒരുപോലെയാണ് കണ്ടിരുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സ്വന്തം അംഗങ്ങൾക്ക് പണം നൽകാൻ കഴിഞ്ഞില്ല, പിന്നെയെങ്ങനെ മറ്റുള്ളവർക്ക് നൽകും. ഇത്തരത്തിലുള്ള ആരോപണങ്ങളിൽ വസ്തുതയില്ല. ഘടക കക്ഷികളുടെ പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചിരുന്നു. പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് മുന്നണിയിൽ ചർച്ച ചെയ്ത് പരിഹരിക്കാമായിരുന്നു. ഈ സർക്കാരിനെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ കോൺഗ്രസ് മുന്നോട്ട് പോകും. ഫീനീക്സ് പക്ഷിയെപ്പോലെ യു ഡി എഫ് മുന്നേറ്റം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ബാർ കോഴ കേസിൽ മാണിയെയും അംഗങ്ങളെയുംസംരക്ഷിക്കാനായിരുന്നു കോൺഗ്രസ് ശ്രമിച്ചത്. അദ്ദേഹത്തേയും പാർട്ടി അംഗങ്ങളെയും തള്ളിപ്പറയാൻ ഒരിക്കലും കോൺഗ്രസ് മുന്നിട്ടിറങ്ങിയിട്ടില്ല. കേസിൽ മാണി നിരപരാധിയാണെന്നാണ് താനടക്കമുള്ള കോൺഗ്രസ് നേതാക്കൾ വാദിച്ചത്. അന്നും ഇന്നും എന്നും മാണി ബാർ കോഴ് കേസിൽ നിരപരാധിയാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരേയും രക്ഷിക്കാനോ കുടുക്കനോ ശ്രമിച്ചിട്ടില്ല. ഇതു കാരണം തനിക്ക് വിമർശനങ്ങൾ അനുഭവിക്കേണ്ടി വന്നു. താൻ എന്തു തെറ്റാണ് ചെയ്തതെന്ന് കേരള സമൂഹം വിലയിരുത്തട്ടെയെന്നും
രമേശ് ചെന്നിത്തല വ്യക്തമാക്കി.